ജോധ്പൂര്‍: യാചകന്‍ ഐഫോണ്‍ 15 സ്വന്തമാക്കാന്‍ നാണയത്തുട്ടുകളുമായി വന്നാല്‍
എങ്ങനെയുണ്ടാകും. അതറിയാന്‍ ഒരു പരീക്ഷണം നടത്തിയിരിക്കുകയാണ് എക്‌സ്‌പെറിമെന്റ് കിംഗ് എന്ന ഡിജിറ്റല്‍ ക്രിയേറ്റര്‍. ജോധ്പൂരിലെ ദീപക് കമ്പനി എന്ന സ്റ്റോറില്‍ യാചകനായി എത്തി ഐഫോണ്‍ 15 സ്വന്തമാക്കിയിരിക്കുകയാണ് ഇദ്ദേഹം. ഈ വീഡിയോയാണ് സോഷ്യലിടത്ത് വൈറലാകുന്നത്.
ഭിക്ഷാടകര്‍ വിലകൂടിയ സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങിക്കാന്‍ താല്പര്യം കാണിക്കാറില്ല, പ്രത്യേകിച്ചും ഐഫോണ്‍ എന്നാണ് പൊതുവിലുള്ള വിശ്വാസം. ആ വിശ്വാസത്തെ അപ്പാടെ തെറ്റിച്ചുകൊണ്ട് കടയില്‍ ഉണ്ടായിരുന്ന മുഴുവന്‍ ഉപഭോക്താക്കളെയും സാക്ഷിയാക്കി യുവാവ് തന്റെ കൈവശമുണ്ടായിരുന്ന ഒരു ചാക്ക് നാണയം കടയുടമയ്ക്ക് നല്‍കി. അത് ജീവനക്കാരെ എണ്ണിത്തിട്ടപ്പെടുത്താന്‍ ഏല്‍പ്പിച്ചു. തുടര്‍ന്ന് യാതൊരു മടിയും കൂടാതെ തന്റെ മുന്‍പില്‍ നിന്ന യാചകന് കടയുടമ ജിതന്‍ ഹസാനി ആപ്പിള്‍ ഐഫോണ്‍ 15 നല്‍കി.
സോഷ്യല്‍ മീഡിയയില്‍ വളരെ വേഗത്തില്‍ ശ്രദ്ധിക്കപ്പെട്ട ഈ വീഡിയോ ഇതിനോടകം 40 ദശലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. ഒരു യാചകന്‍ ഉയര്‍ന്ന വിലയുള്ള ഫോണ്‍ വാങ്ങുന്നത് കണ്ട് ചിലര്‍ അമ്പരന്നു, ചിലരൊക്കെ സ്‌ക്രിപ്റ്റഡ് ആണെന്ന് അഭിപ്രായപ്പെട്ടു.
യഥാര്‍ത്ഥത്തില്‍ സ്‌ക്രിപ്റ്റഡ് ആയി ചെയ്ത ഒരു വീഡിയോ ആയിരുന്നു എങ്കിലും വളരെ വേഗത്തില്‍ കാഴ്ചക്കാരിലേക്ക് എത്താനും ട്രെന്‍ഡിങ്ങായി മാറുകയും ചെയ്തു.