നാഗ്പുര്‍: മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിക്ക് തന്റെ പ്രഭാവം പ്രകടിപ്പിക്കാന്‍ വനിതാ സംവരണം ആവശ്യമായിരുന്നില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. നാഗ്പൂരില്‍ വനിതാ സ്വയംസഹായ സംഘടനകളുടെ സമ്മേളനത്തില്‍ സംസാരിക്കവെയാണ് മുതിര്‍ന്ന ബിജെപി നേതാവ് മുന്‍ പ്രധാനമന്ത്രിയെ പുകഴ്ത്തിയത്.
പാര്‍ട്ടിയിലെ മറ്റു പുരുഷനേതാക്കള്‍ക്കൊപ്പം നിന്നാണ് ഇന്ദിര തന്റെ പ്രഭാവം പ്രകടിപ്പിച്ചത്. ഇത് സംവരണത്തിന്റെ അടിസ്ഥാനത്തിലായിരുന്നില്ലല്ലോ- ഗഡ്കരി ചോദിച്ചു. കോണ്‍ഗ്രസിലെ പുരുഷ നേതാക്കളേക്കാള്‍ ഭേദമായിരുന്നു ഇന്ദിരയെന്നും ജാതി-മത രാഷ്ട്രീയത്തിന് അവര്‍ എതിരായിരുന്നെന്നും ഗഡ്കരി പറഞ്ഞു. സുഷമ സ്വരാജ്, വസുന്ധര രാജെ, സുമിത്ര മഹാജന്‍ എന്നീ ബിജെപി നേതാക്കളൊന്നും സംവരണത്തിന്റെ അടിസ്ഥാനത്തിലല്ല ഉയര്‍ന്നുവന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അറിവിന്റെ അടിസ്ഥാനത്തിലാണു പുരോഗതി സാധ്യമാകുന്നത്. സായ്ബാബ, ഗജനന്‍ മഹാരാജ്, തുക്‌ഡോജി മഹാരാജ് എന്നിവരുടെ മതം നാം അന്വേഷിക്കാറുണ്ടോ, ഛത്രപതി ശിവജി, ഡോ.ബാബസാഹിബ് അംബേദ്കര്‍, ജ്യോതിബാ ഫൂലെ എന്നിവരുടെ ജാതി നാം അന്വേഷിക്കാറുണ്ടോ- ഗഡ്കരി ചോദിച്ചു. ജാതി-മത രാഷ്ട്രീയത്തിന് താന്‍ എതിരാണെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു.