ചെന്നൈ: രാജ്യത്തിന് തന്നെ നാണക്കേടായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്സൈസ് ആന്‍ഡ് കസ്റ്റംസ് വിവിധ തസ്തികകളിലേക്ക് നടത്തിയ പരീക്ഷയില്‍ കൂട്ട കോപ്പിയടി. ബ്ലൂടൂത്ത് ഹെഡ്സെറ്റും ഇലക്ട്രോണിക് ഉപകരണങ്ങളുമടക്കം ഉപയോഗിച്ചാണ് കോപ്പിയടി നടന്നത്. ഇത്തരത്തില്‍ കോപ്പിയടിച്ച 30 ഉദ്യോഗാര്‍ഥികളെയാണ് പരീക്ഷയ്ക്കിടെ അധികൃതര്‍ പിടികൂടിയത്.
പിടിയിലായ 26 പേര്‍ ഹരിയാണ സ്വദേശികളാണ്. ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ടുപേര്‍വീതം പിടിയിലായി. പിടിയിലായ മുഴുവന്‍ പേരും പരീക്ഷകളില്‍ ക്രമക്കേട് നടത്തുന്ന വന്‍ റാക്കറ്റിന്റെ ഭാഗമാണെന്നാണ് വിവരം.
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്സൈസ് ആന്‍ഡ് കസ്റ്റംസിലെ ക്ലര്‍ക്ക്, കാന്റീന്‍ അറ്റന്‍ഡന്റ്, കാര്‍ ഡ്രൈവര്‍ തുടങ്ങിയ തസ്തികകളിലേക്കുള്ള പരീക്ഷയ്ക്കാണ് ഇവരെത്തിയത്. 15,000-ഓളം അപേക്ഷകരില്‍നിന്ന് 200 പേരെ എഴുത്തുപരീക്ഷയ്ക്കായി തിരഞ്ഞെടുത്തിരുന്നു.
ഇവര്‍ക്കായി ശനിയാഴ്ച ചെന്നൈ ബീച്ച് റെയില്‍വേ സ്റ്റേഷന് എതിര്‍വശത്തെ കസ്റ്റംസ് ആസ്ഥാനത്തായിരുന്നു പരീക്ഷ നടത്തിയത്. പരീക്ഷ നടക്കുന്നതിനിടെ ഇന്‍വിജിലേറ്റര്‍ക്ക് തോന്നിയ സംശയമാണ് കൂട്ട കോപ്പിയടി വെളിച്ചത്തുകൊണ്ടുവന്നത്.
ഒരു ഉദ്യോഗാര്‍ഥിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഇന്‍വിജിലേറ്റര്‍ ഇയാളെ നിരീക്ഷിച്ചപ്പോഴാണ് ചെവിയില്‍ ചെറിയ ബ്ലൂടൂത്ത് ഹെഡ്സെറ്റ് ഘടിപ്പിച്ചതായി കണ്ടെത്തിയത്. വിശദമായ ദേഹപരിശോധനയില്‍ അരയ്ക്ക് ചുറ്റം കെട്ടിവെച്ച നിലയില്‍ ബ്രോഡ്ബാന്‍ഡ് കണക്ടറ്റഡായ ഇലക്ട്രോണിക് ഉപകരണവും കണ്ടെത്തി.
ഇതോടെ പരീക്ഷാകേന്ദ്രത്തില്‍ കസ്റ്റംസ് അധികൃതര്‍ വ്യാപകമായ പരിശോധന നടത്തുകയും കൂടുതല്‍പേര്‍ പിടിയിലാവുകയുമായിരുന്നു. പരീക്ഷാക്രമക്കേടിന് പിടിയിലായ 30 പേര്‍ക്കെതിരെയും നോര്‍ത്ത് ബീച്ച് പോലീസ് കേസെടുത്തിട്ടുണ്ട്. ഇവരില്‍ ആള്‍മാറാട്ടം നടത്തിയ ഒരാളൊഴികെ ബാക്കി എല്ലാവരെയും അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തില്‍ വിട്ടയച്ചു.
ഹരിയാണ സ്വദേശിയായ ശ്രാവണ്‍കുമാറിനെയാണ് കോപ്പിയടിക്ക് പുറമേ ആള്‍മാറാട്ടവും ചുമത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്. ഹരിയാണ സ്വദേശിയായ സുദര്‍സിങ് എന്നയാള്‍ക്ക് പകരമാണ് ഇയാള്‍ പരീക്ഷ എഴുതാനെത്തിയത്. രണ്ടായിരം രൂപ പ്രതിഫലത്തിനാണ് പരീക്ഷയ്ക്ക് വന്നതെന്ന് ശ്രാവണ്‍കുമാര്‍ വെളിപ്പെടുത്തി. ഇയാള്‍ ഹരിയാണയില്‍ പഴക്കച്ചവടക്കാരനാണെന്നും പോലീസ് പറഞ്ഞു.
അതേസമയം, പിടിയിലായവരെല്ലാം വന്‍ റാക്കറ്റിന്റെ ഭാഗമായാണ് കോപ്പിയടിയും ക്രമക്കേടും നടത്തിയതെന്നാണ് പോലീസ് നിഗമനം. കോപ്പിയടിക്കാനായി രണ്ടായിരം രൂപ മുതല്‍ നാലായിരം രൂപ വരെയാണ് ഈ സംഘം ഈടാക്കിയിരുന്നത്.
ഉദ്യോഗാര്‍ഥികള്‍ക്ക് ബ്ലൂടൂത്ത് അടക്കമുള്ള ഉപകരണങ്ങളും വിതരണം ചെയ്തത് ഇവരാണ്. ഈ സംഘത്തെ കേന്ദ്രീകരിച്ച് പോലീസിന്റെ അന്വേഷണം തുടരുകയാണ്.
Discussion about this post