കൊച്ചി: ലുലു മാളിലെ പാകിസ്താന്‍ പതാക വിവാദത്തിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട ലുലുവിലെ മാര്‍ക്കറ്റിങ് മാനേജര്‍ ആതിര നമ്പ്യാതിരിയെ തിരികെ ജോലിയിലേക്ക് ക്ഷണിച്ച് ലുലു ഗ്രൂപ്പ്. ലുലു മാളിലെ പാകിസ്താന്‍ പതാക ഇന്ത്യയുടേതിനേക്കാള്‍ വലുതാണെന്ന വ്യാജ വാര്‍ത്തക്ക് പിന്നാലെ ലുലു ആതിരയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ സസ്‌പെന്‍ഷന്‍ അംഗീകരിക്കാതെ ജോലിയില്‍ നിന്ന് ആതിര രാജിവെക്കുകയായിരുന്നു.
ആതിര തന്നെയാണ് ഇപ്പോള്‍ തന്നെ ജോലിയിലേക്ക് തിരികെ വിളിച്ച കാര്യം അറിയിച്ചത്. വ്യാജ വാര്‍ത്തയ്‌ക്കെതിരെ നിലകൊണ്ടതിനും പിന്തുണച്ചതിനും എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായി ആതിര നമ്പ്യാതിരി വ്യക്തമാക്കി. എത്രയും വേഗം ജോലിയില്‍ തിരികെ പ്രവേശിക്കണമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഏകദിന ലോകകപ്പ് പ്രമാണിച്ച് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന വിവിധ ടീമുകളുടെ കൊടികള്‍ മാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വിവിധ ഉയരത്തില്‍ വെച്ചതിനാല്‍ ചിലത് വലുതും ചെറുതുമായാണ് ചിത്രങ്ങളില്‍ കാണുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവയെല്ലാം ഒരേ വലുപ്പമുള്ളവയാണ്. ഫോട്ടോയുടെ ആംഗിളിന് അനുസരിച്ച് ഇവയുടെ വലുപ്പത്തില്‍ തോന്നുന്ന വ്യത്യാസമാണ് വ്യാജ വാര്‍ത്തയ്ക്ക് പിന്നില്‍.
ഇതിനു പിന്നാലെയായിരുന്നു ആതിരക്കെതിരെ അച്ചടക്ക നടപടിയെടുത്തത്. തുടര്‍ന്ന്, ഒരു പതിറ്റാണ്ട് മുഴുവന്‍ സ്ഥാപനത്തിനായി ജോലി ചെയ്ത തനിക്ക് വ്യാജപ്രചരണങ്ങള്‍ കാരണം ജോലി നഷ്ടപ്പെട്ടെന്നും ഇന്ത്യക്കാരിയാണെന്നതില്‍ അഭിമാനിക്കുന്ന ആളാണ് താനെന്നും ഈ രാജ്യത്തെ ഒരു പൗരനെന്ന നിലയില്‍ തന്റെ രാജ്യത്തോട് അഗാധമായ സ്‌നേഹം പുലര്‍ത്തുന്നുണ്ടെന്നും ആതിര വ്യക്തമാക്കിയിരുന്നു.
Discussion about this post