‘ഓപ്പറേഷന്‍ അജയ്’: ഇസ്രായേലില്‍ നിന്നുള്ള മൂന്നാമത്തെ വിമാനം എത്തി; സംഘത്തില്‍ 18 മലയാളികളും

ന്യൂഡല്‍ഹി: ‘ഓപ്പറേഷന്‍ അജയ്’യുടെ ഭാഗമായി ഇസ്രയേലില്‍ നിന്നും ഇന്ത്യക്കാരുമായുള്ള മൂന്നാമത്തെ വിമാനവും എത്തി. ഇന്ന് പുലര്‍ച്ചെ 1.15 മണിക്ക് ന്യൂഡല്‍ഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം ഇറങ്ങി. 198 പേരുടെ യാത്ര സംഘത്തില്‍ രണ്ട് വയസുള്ള കുഞ്ഞ് ഉള്‍പ്പെടെ 18 പേര്‍ മലയാളികളാണ്.

വിദ്യാര്‍ത്ഥികളായ കണ്ണൂര്‍ പുതിയതെരു സ്വദേശി ശില്പ മാധവന്‍, കണ്ണൂര്‍ എളയാവൂര്‍ സ്വദേശി കാവ്യ നമ്പ്യാര്‍, മലപ്പുറം തിരൂര്‍ സ്വദേശി വിശാഖ് നായര്‍ എന്നിവര്‍ക്കു പുറമെ കൊല്ലം ഉളിയകോവില്‍ സ്വദേശി ലക്ഷ്മി രാജഗോപാല്‍, കസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശി സൂരജ് എം, കണ്ണൂര്‍ പുന്നാട് സ്വദേശി അമല്‍ജിത്ത്, തിരുവനന്തപുരം പുളിയറക്കോണം സ്വദേശി ലിജു വി.ബി, ആലപ്പുഴ അമ്ബലപ്പുഴ സ്വദേശി ജയചന്ദ്ര മോഹന്‍ നാരായണന്‍, ഭാര്യ അനിത കുമാരി, ജയചന്ദ്ര മോഹന്‍, മകന്‍ വിഷ്ണു മോഹന്‍, ഭാര്യ അജ്ഞന ഷേണായി, ആര്യ മോഹന്‍, കോട്ടയം പാല സ്വദേശി ലിറ്റോ ജോസ്, ഭാര്യ രേഷ്മ ജോസ്, മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി അജിത്ത് ജോര്‍ജ്ജ്, കൊല്ലം ഓയൂര്‍ സ്വദേശി ശരത്ത് ചന്ദ്രന്റെ ഭാര്യ നീന പ്രസാദ്, പാലക്കാട് ചന്ദ്ര നഗര്‍ സ്വദേശി സിദ്ധാര്‍ത്ഥ് രഘുനാഥന്‍ എന്നിവരാണ് സംഘത്തിലുള്ളത്. ഇതില്‍ പതിനാല് പേര്‍ വിദ്യാര്‍ത്ഥികളാണ്.

അതേസമയം ഇസ്രയേലില്‍ നിന്ന് മടങ്ങി എത്താന്‍ ആഗ്രഹിക്കുന്നവരെ രാജ്യത്ത് എത്തിക്കാന്‍ ഇത് നടപടിക്കും ഇന്ത്യന്‍ എംബസി സജ്ജമെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. സ്ഥിഗതികള്‍ എംബസി നിരീക്ഷിച്ച് വരുകയാണ്. സംഘര്‍ഷ സാധ്യതകളും തിരിച്ച് വരുന്നവരുടെ ആവശ്യകതയും അനുസരിച്ച് നടപടികള്‍ സ്വീകരിച്ച് വരികയാണ്. വേണ്ടി വന്നാല്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ ആലോചനയില്‍ എന്നും കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

ഇതുവരെ വന്ന രണ്ട് സംഘങ്ങളില്‍ ആയി 39 മലയാളികള്‍ തിരികെ എത്തി. ബന്ധുക്കളോ സുഹൃത്തുക്കളോ ഇസ്രയേലില്‍ ഉളളവര്‍ എന്ത് ആവശ്യം ഉണ്ടെങ്കിലും എംബസിയെ അറിയിക്കാം എന്നും വി. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. ടൂറിസ്റ്റുകള്‍ ആയും വിദ്യാര്‍ത്ഥികള്‍ ആയും ഉള്ളവരാണ് മടങ്ങി വരാന്‍ കൂടുതല്‍ ആഗ്രഹം പ്രകടിപ്പിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

Exit mobile version