ഗോഹട്ടി: ആസാമില്‍ ബിജെപിയുടെ സഖ്യകക്ഷിയായ ആസാം ഗണപരിഷത് ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ചു. പൗരത്വ ഭേദഗതി ബില്ലില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാടില്‍ പ്രതിഷേധിച്ചാണ് നടപടി. രാജ്യം പൊതുതെരഞ്ഞെടുപ്പിന് ഒരുങ്ങവെയാണ് ഒരു സഖ്യകക്ഷി കൂടി ബിജെപിയെ ഉപേക്ഷിക്കുന്നതെന്നും ശ്രദ്ധേയം.
പൗരത്വ ദേഗതി ബില്‍ സൃഷ്ടിക്കുന്ന പ്രതിസന്ധിയെക്കുറിപ്പ് ബിജെപി നേതൃത്വത്തെ ധരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും ആസാമിലെ ജനങ്ങളുടെ വികാരം മനസിലാക്കാതെയുള്ള ഈ നടപടിക്കെതിരേ സഖ്യം ഉപേക്ഷിക്കുന്നതു മാത്രമാണ് തങ്ങള്‍ക്കു മുന്നിലുള്ള പോംവഴിയെന്നും ആസാം ഗണപരിഷത് പ്രസിഡന്റ് അതുല്‍ ബോറ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോടു പറഞ്ഞു.
ആസാം ഗണപരിഷതിന്റെ കൂട്ടുവെട്ടല്‍ ആസാമിലെ സര്‍ബാനന്ദ സോനോവാള്‍ സര്‍ക്കാരില്‍ കാര്യമായ ചലനം സൃഷ്ടിക്കില്ലെങ്കിലും ഒരു പാര്‍ട്ടി കൂടി മുന്നണി വിടുന്നത് ബിജെപിക്കു പ്രാദേശിക തലത്തില്‍ തിരിച്ചടിയാകുമെന്നു വിലയിരുത്തപ്പെടുന്നു.
2016-ല്‍ നിയസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് ഗണപരിഷത് ബിജെപിയുമായി സഖ്യത്തിലേര്‍പ്പെടുന്നത്. 126 അംഗ നിയമസഭയില്‍ ബിജെപി 61 സീറ്റുകളിലും ഗണപരിഷത് 14 സീറ്റുകളിലും വിജയിച്ചു. ബോഡോ പീപ്പിള്‍സ് ഫ്രണ്ട് കൂടി ബിജെപിക്കൊപ്പം ചേര്‍ന്നതോടെ സര്‍ക്കാരിന്റെ ഭൂരിപക്ഷം 87 ആയി. ആസാം ഗണപരിഷത് പിന്‍മാറിയെങ്കിലും ഇപ്പോഴും സര്‍ബാനന്ദ സര്‍ക്കാരിന് ആവശ്യമായ ഭൂരിപക്ഷമുണ്ട്.