ട്രെയിന്‍ യാത്രയ്ക്കിടെ ഗുജറാത്തിലെ മലയാളി അഭിഭാഷകയെ കാണാതായി, പരാതിയുമായി കുടുംബം; അന്വേഷണം ആരംഭിച്ചു

ഒരു കേസിന്റെ ഭാഗമായി ബോംബെ ഹൈക്കോടതിയിലേക്കായിരുന്നു യാത്ര.

അഹമ്മദാബാദ്: ട്രെയിന്‍ യാത്രയ്ക്കിടെ ഗുജറാത്തിലെ മലയാളി അഭിഭാഷകയെ കാണാതായെന്ന് പരാതി. ഗുജറാത്ത് ഹൈക്കോടതിയിലെ അഭിഭാഷകയായ ഷീജ ഗിരീഷിനെയാണ് അഹമ്മദാബാദ്-മുംബൈ ട്രെയിന്‍ യാത്രയ്ക്കിടെ കാണാതായത്. സംഭവത്തില്‍ കുടുംബം പോലീസില്‍ പരാതി നല്‍കി. മുംബൈയിലെ മലയാളി സംഘടനകളും അന്വേഷണം നടത്തുന്നുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ച്ച രാവിലെ 9.30ഓടെയാണ് ഷീജ മുംബൈയിലേക്ക് യാത്ര തിരിച്ചത്. ഒരു കേസിന്റെ ഭാഗമായി ബോംബെ ഹൈക്കോടതിയിലേക്കായിരുന്നു യാത്ര.

ഉച്ചയ്ക്ക് ഷീജ വീട്ടിലേക്ക് വിളിച്ചിരുന്നു. രണ്ട് മക്കളുള്ള ഷീജ അവരെ വിളിച്ച് യാത്രയുടെ വിവരങ്ങള്‍ പറഞ്ഞിരുന്നു. എന്നാല്‍ അതിന് ശേഷം ഫോണില്‍ ലഭ്യമായിരുന്നില്ല. ഫോണില്‍ അയച്ച മെസേജുകള്‍ വൈകുന്നേരത്തോടെ കണ്ടെങ്കിലും അതിനും മറുപടിയുണ്ടായിരുന്നില്ല. ഫോണില്‍ വിളിച്ചപ്പോഴും കിട്ടിയില്ല. രാത്രിയോടെ ഫോണ്‍ സ്വിച്ചോഫ് ആവുകയും ചെയ്തു. അതേസമയം, ട്രെയിന്‍ മുംബൈയില്‍ എത്തിയിട്ടും ഷീജയെ കണ്ടെത്താനായില്ല.

അതിനിടെ, ഒരുവര്‍ഷം മുന്‍പ് ഒരു കേസുമായി ബന്ധപ്പെട്ട് അമ്മയെ ഒരാള്‍ ഭീഷണിപ്പെടുത്തിയി ഷീജയുടെ മകള്‍ അനുഗ്രഹ പറഞ്ഞു. അമ്മയ്ക്കെതിരേ ഒരാള്‍ ബാര്‍ കൗണ്‍സിലില്‍ വ്യാജപരാതി നല്‍കിയിരുന്നു. ഇയാള്‍ പിന്നീട് വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒരുവര്‍ഷം മുന്‍പായിരുന്നു ഈ സംഭവം. ഈ പരാതിയും കേസും ഇപ്പോഴും നടക്കുന്നുണ്ടെന്നും അനുഗ്രഹ നായര്‍ പറഞ്ഞു.

Exit mobile version