കൊല്‍ക്കത്ത: നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കാനായി തനിച്ച് താമസിക്കുകയായിരുന്ന വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസില്‍ ഒളിപ്പിച്ച നിലയില്‍. പശ്ചിമബംഗാളിലെ മാല്‍ഡ സ്വദേശിയായ സാസിദ് ഹുസൈന്‍ ആണ് കൊല്ലപ്പെട്ടത്. കൊല്‍ക്കത്തയിലെ ന്യൂടൗണ്‍ പ്രദേശത്ത് വെള്ളിയാഴ്ചയായിരുന്നു മൃതദേഹം കണ്ടെത്തിയത്. സെല്ലോ ടേപ്പ് കൊണ്ട് പൊതിഞ്ഞ രീതിയിലായിരുന്നു മൃതദേഹം.
സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. നീറ്റ് പരീക്ഷക്ക് വേണ്ടി തയ്യാറെടുക്കുകയായിരുന്ന സാസിദ് ന്യൂടൗണ്‍ പ്രദേശത്ത് വാടകവീട്ടില്‍ താമസിക്കുകയായിരുന്നു. എന്നാല്‍, ഒക്ടോബര്‍ അഞ്ച് മുതല്‍ മകനെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഇതേതുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് സാസിദിന്റെ മൃതദേഹം പോലീസ് കണ്ടെത്തിയത്. സംഭവത്തില്‍ സാസിദ് താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥനായ ഗൗതം, പ്രദേശത്തെ ഹോട്ടല്‍ ഉടമയായ പപ്പു സിങ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
also read- ‘ഗ്രൗണ്ടില്‍ കാണുന്ന പോലെയല്ല, വളരെ കരുണയുള്ളവനാണ്’: വീല്‍ചെയറിലെത്തിയ ആരാധകന്റെ സ്വപ്‌നം സഫലമാക്കി കോഹ്‌ലി
മദ്യം നല്‍കി ബോധരഹിതനാക്കിയ ശേഷം കഴുത്ത് ഞെരിച്ചായിരുന്നു സാസിദിനെ പ്രതികള്‍ കൊലപ്പെടുത്തിയത്. പ്രതികള്‍ കുറ്റം സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. കൊലപ്പെടുത്തിയ ശേഷം സെല്ലോ ടേപ്പ് കൊണ്ട് ശരീരം പൊതിഞ്ഞ് സ്യൂട്ടിക്കേസിലേക്ക് മാറ്റുകയായിരുന്നു.
അതേസമയം, കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.