അലഹാബാദ്: ‘സപ്തപദി’ ചടങ്ങും (അഗ്നിക്ക് ചുറ്റും ഏഴ് വട്ടം വലം വയ്ക്കുക) മറ്റ് ആചാരങ്ങളും ഇല്ലാതെ നടക്കുന്ന ഹിന്ദു വിവാഹത്തിന് സാധുതയില്ലെന്ന് അലഹബാദ് ഹൈക്കോടതി വിധി. വിവാഹമോചനം നേടാതെ രണ്ടാം വിവാഹം കഴിച്ച ഭാര്യക്കെതിരെ നടപടി ആവശ്യപ്പെട്ട് ഭര്‍ത്താവ് സമര്‍പ്പിച്ച പരാതിയിലാണ് കോടതിയുടെ നിരീക്ഷണം.
വിവാഹം എന്ന വാക്കിന്റെ അര്‍ത്ഥം വിവാഹവുമായി ബന്ധപ്പെട്ട്, ശരിയായ ചടങ്ങുകളോടെയും യഥാവിധി രീതിയിലും വിവാഹം നടത്തുക എന്നാണ്. അല്ലാതെ നടത്തുന്ന വിവാഹത്തെ വിവാഹം എന്നു പറയാനാകില്ല. ആ വിവാഹം സാധുവായ വിവാഹമല്ല. നിയമത്തിന്റെ കണ്ണില്‍ അത് വിവാഹമല്ല. ഹിന്ദു നിയമപ്രകാരമുള്ള ‘സപ്തപദി’ ചടങ്ങ് സാധുതയുള്ള ഒരു വിവാഹത്തിന് ആവശ്യമായ ഘടകങ്ങളില്‍ ഒന്നാണെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് സഞ്ജയ് കുമാറാണ് വിധി പറഞ്ഞത്.
2017ലായിരുന്നു സ്മൃതി സിംഗും സത്യ സിംഗും തമ്മിലുള്ള വിവാഹം. തുടര്‍ന്ന് സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനത്തെ തുടര്‍ന്ന് സ്മൃതി ഭര്‍ത്താവിനെതിരെ കേസ് കൊടുക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.
പിന്നീട് ജീവനാംശത്തിനായി സമര്‍പ്പിച്ച അപേക്ഷ പ്രകാരം മിര്‍സാപൂര്‍ കുടുംബ കോടതി 2021 ജനുവരി 11 ന് സ്മൃതി പുനര്‍വിവാഹം ചെയ്യുന്നതുവരെ പ്രതിമാസം 4,000 രൂപ ജീവനാംശമായി നല്‍കണമെന്ന് ഭര്‍ത്താവിനോട് നിര്‍ദേശിച്ചു. ഭാര്യ രണ്ടാം വിവാഹം കഴിച്ചുവെന്ന് കാണിച്ച് 2021 സെപ്തംബര്‍ 20ന് സത്യം സിംഗ് മറ്റൊരു പരാതി നല്കി. ഈ കേസിലാണ് കോടതിയുടെ വിധി.
Discussion about this post