ഭോപാല്‍: മധ്യപ്രദേശിലെ ഗ്വാളിയോറില്‍ 100ലധികം വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയില്‍. ഗ്വാളിയോറിലെ ലക്ഷ്മിഭായ് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷനിലെ വിദ്യാര്‍ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
അതേസമയം, ചികിത്സയിലുള്ള കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഗുരുതരമല്ലെന്നും ലക്ഷ്മിഭായ് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ രജിസ്ട്രാര്‍ അമിത് യാദവ് അറിയിച്ചു.
വിദ്യാര്‍ഥികള്‍ക്ക് കടുത്ത വയറുവേദനയും ഛര്‍ദിയും അനുഭപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രാത്രിയില്‍ ഭക്ഷണം കഴിച്ചതിന് ശേഷമാണ് വിദ്യാര്‍ഥികള്‍ക്ക് അസ്വസ്ഥതയുണ്ടായത്.പനീറില്‍ നിന്നായിരിക്കം ഭക്ഷ്യവിഷബാധയേറ്റതെന്നാണ് അധികൃതര്‍ സംശയിക്കുന്നത്.
കായിക വിദ്യാഭ്യാസ മേഖലയില്‍ പ്രശസ്തമായ സ്ഥാപനമാണ് ലക്ഷ്മിഭായി ഇന്‍സ്റ്റിറ്റ്യൂട്ട്. കുട്ടികളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ശേഷം സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഭക്ഷ്യസുരക്ഷയില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ഭക്ഷണ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചതായും രജിസ്ട്രാര്‍ അമിത് യാദവ് പറഞ്ഞു.
Discussion about this post