ഉജ്ജയിനില്‍ 12-കാരിയെ ബലാത്സംഗം ചെയ്ത സംഭവം: പ്രതിയുടെ വീട് നാളെ പൊളിയ്ക്കും

ഭോപാല്‍: മധ്യപ്രദേശിലെ ഉജ്ജയിനില്‍ 12-കാരിയെ ബലാത്സംഗം ചെയ്ത പ്രതി ഭരത് സോണിയുടെ വീട് നാളെ പൊളിക്കും. വീട് സര്‍ക്കാര്‍ ഭൂമിയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് പൊളിക്കാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.

പീഡനത്തിനിരയായ പെണ്‍കുട്ടി അര്‍ധനഗ്‌നയായ നിലയില്‍ രക്തമൊലിപ്പിച്ച് നിരവധി വീടുകളില്‍ സഹായം തേടിയെങ്കിലും ആരും സഹായിക്കാന്‍ തയ്യാറായിരുന്നില്ല. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു.

ഓട്ടോറിക്ഷാ ഡ്രൈവറായ പ്രതിയെ വ്യാഴാഴ്ചയാണ് അറസ്റ്റ് ചെയ്തത്. സര്‍ക്കാര്‍ ഭൂമിയിലുള്ള വീട്ടിലാണ് നിരവധി വര്‍ഷങ്ങളായി ഇയാളുടെ കുടുംബം താമസിക്കുന്നതെന്ന് ഉജ്ജയിന്‍ മുന്‍സിപ്പല്‍ കമ്മീഷണര്‍ റോഷന്‍ സിങ് പറഞ്ഞു. സര്‍ക്കാര്‍ ഭൂമിയായതിനാല്‍ വീട് പൊളിക്കാന്‍ നോട്ടീസ് നല്‍കേണ്ട ആവശ്യമില്ല. പോലീസിന്റെ സഹായത്തോടെ നാളെ വീട് പൊളിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് അദ്ദേഹത്തിന്റെ പിതാവായ രാജു സോണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ‘ഇത് ലജ്ജാകരമായ പ്രവൃത്തിയാണ്. ഞാന്‍ അവനെ കാണാന്‍ ആശുപത്രിയില്‍ പോയിട്ടില്ല. പോലീസ് സ്റ്റേഷനിലോ കോടതിയിലോ പോകില്ല. എന്റെ മകന്‍ വലിയൊരു കുറ്റം ചെയ്തു. അതിനാല്‍ അവനെ തൂക്കിക്കൊല്ലണം. അത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ ജീവിക്കാന്‍ അര്‍ഹരല്ല. അത് എന്റെ മകനായാലും മറ്റാരായാലും. അത്തരം കുറ്റകൃത്യം ചെയ്യുന്ന ആളുകളെ തൂക്കിലേറ്റുകയോ വെടിവെക്കുകയോ വേണം’- രാജു സോണി പറഞ്ഞു.

Exit mobile version