കാശ്മീര്‍: രാജ്യത്തിന്റെ അതിര്‍ത്തി കൂടുതല്‍ സുരക്ഷിതമാക്കുന്നതിനായി നൂതന സാങ്കേതികവിദ്യകള്‍ പ്രയോഗത്തില്‍ വരുത്താന്‍ ഇന്ത്യ തയ്യാറെടുക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ഇതോടെ ദിവസം മുഴുവന്‍ സൈനികര്‍ അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കേണ്ടി വരുന്ന അവസ്ഥ ഒഴിവാക്കാനാകുമെന്നും അദ്ദേഹം അറിയിച്ചു.
അതിര്‍ത്തി സുരക്ഷയില്‍ നാഴികക്കല്ലാകുന്ന ഇന്റഗ്രേറ്റഡ് ബോര്‍ഡര്‍ മാനേജ്മെന്റ് സിസ്റ്റം നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായാണ് രാജ്നാഥ് സിങ് അറിയിച്ചിരിക്കുന്നത്. ആദ്യഘട്ടമായി പദ്ധതി ജമ്മുവില്‍ പരീക്ഷിച്ചതായും അദ്ദേഹം പറഞ്ഞു. ബിഎസ്എഫ് ജവാന്മാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാജ്നാഥ് സിങ്.
അതിര്‍ത്തികളില്‍ വേലികെട്ടി കാവല്‍ നില്‍ക്കുക എന്നത് പൂര്‍ണമായും ഫലവത്തായെന്ന് വരില്ല. കുറച്ച് കാലം കഴിയുമ്പോള്‍ അവ തകരാറിലായെന്ന് വരാം. എന്നാല്‍, പുതിയ സംവിധാനം പൂര്‍ണമായ അതിര്‍ത്തി സുരക്ഷ ഉറപ്പ് നല്‍കുന്നതാണ്. ആയുധപൂജയോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ആഭ്യന്തരമന്ത്രി പറഞ്ഞു. നൂതനസാങ്കേതിക വിദ്യ പ്രാവര്‍ത്തികമാകുന്നതോടെ ഇരുപത്തിനാലു മണിക്കൂറും സൈനികര്‍ കാവല്‍ നില്‍ക്കേണ്ട അവസ്ഥയ്ക്ക് മാറ്റം വരും. അതിര്‍ത്തിയിലുള്ള കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ റൂമിലിരുന്ന് കാര്യങ്ങള്‍ പൂര്‍ണമായും നിയന്ത്രിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.