ചെന്നൈ: മാര്‍ക്ക് ആന്റണി എന്ന പുതിയ ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കൈക്കൂലി നല്‍കേണ്ടി വന്നെന്ന നടന്‍ വിശാലിന്റെ വെളിപ്പെടുത്തല്‍ സിനിമാ ലോകത്തിനെ ഞെട്ടിച്ചിരിക്കുകയാണ്. നടന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം സംഭവത്തില്‍ അന്വേഷണവും പ്രഖ്യാപിച്ചിരിക്കുകയാണ്. തന്റെ പരാതിയില്‍ ഉടനടി നടപടി സ്വീകരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേ എന്നിവര്‍ക്ക് നന്ദി പറയുകയാണ് വിശാല്‍.
മുംബൈ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കറ്റില്‍ നടന്ന അഴിമതിയുമായി ബന്ധപ്പെട്ട് താന്‍ ഉന്നയിച്ച സുപ്രധാന വിഷയങ്ങളില്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചതിന് വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയത്തോട് നന്ദി പറയുന്നുവെന്ന് വിശാല്‍ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ കുറിച്ചു.
അഴിമതിക്കാരോ അഴിമതി നടത്താന്‍ ഉദ്ദേശിക്കുന്നവരോ ആയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇതൊരു ഉദാഹരണമായെടുക്കണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നേരായ വഴിയിലൂടെ രാജ്യത്തെ സേവിക്കണമെന്നും അഴിമതിയുടെ പടവുകള്‍ തിരഞ്ഞെടുക്കരുതെന്നും വിശാല്‍ എഴുതി.
പ്രധാനമന്ത്രി നരേന്ദ്ര മോഡി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേ എന്നിവരോടുള്ള നന്ദിയും വിശാല്‍ പ്രകടിപ്പിക്കുന്നുണ്ട്. അഴിമതിക്ക് ഇരയായ ആളുകള്‍ക്ക് നീതി ലഭിക്കുമെന്നത് തന്നെപ്പോലുള്ള ഒരു സാധാരണക്കാരന് സംതൃപ്തി നല്‍കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് വിശാല്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഈ മാസം 28-ാം തീയതിയാണ് സെന്‍സര്‍ ബോര്‍ഡിനെതിരെ വിശാല്‍ കൈക്കൂലി ആരോപണമുന്നയിച്ചത്. മാര്‍ക്ക് ആന്റണി എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ആറര ലക്ഷം രൂപ കൈക്കൂലി കൊടുത്തുവെന്നായിരുന്നു വിശാല്‍ എക്‌സില്‍ വീഡിയോ പോസ്റ്റ് ചെയ്തത്.
മഹാരാഷ്ട്ര മുഖ്യമന്ത്രിയേയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും ടാഗും ചെയ്തിരുന്നു. ചിത്രം റിലീസ് ചെയ്യാന്‍ മൂന്നു ലക്ഷവും യു/എ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ മൂന്നര ലക്ഷം രൂപയും താന്‍ നല്‍കിയെന്ന് നടന്‍ പറഞ്ഞിരുന്നു. പണം ട്രാന്‍സ്ഫര്‍ ചെയ്ത അക്കൗണ്ട് വിവരങ്ങളും വിശാല്‍ പുറത്തുവിട്ടിരുന്നു.
സിനിമയില്‍ അഴിമതി കാണിക്കുന്നത് കുഴപ്പമില്ല. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ ശരിയല്ല. അത് അംഗീകരിക്കാനാകില്ല, പ്രത്യേകിച്ച് സര്‍ക്കാര്‍ ഓഫീസുകളില്‍. അതിലും മോശമായത് സിബിഎഫ്‌സി മുംബൈ ഓഫിസില്‍ സംഭവിച്ചു. എന്റെ ചിത്രം മാര്‍ക്ക് ആന്റണിയുടെ ഹിന്ദി പതിപ്പിന് 6.5 ലക്ഷം രൂപ നല്‍കേണ്ടിവന്നു. രണ്ട് ഇടപാടുകള്‍ നടത്തി. സ്‌ക്രീനിങ്ങിന് മൂന്ന് ലക്ഷവും സര്‍ട്ടിഫിക്കറ്റിനായി 3.5 ലക്ഷവും നല്‍കി. എന്റെ കരിയറില്‍ ഒരിക്കലും ഇത്തരമൊരു അവസ്ഥ നേരിട്ടിട്ടില്ല. ഇടനിലക്കാരിക്ക് പണം കൊടുക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു എന്നാണ് വിശാല്‍ പറഞ്ഞത്.
I sincerely thank @MIB_India for taking immediate steps on this important matter pertaining to corruption issue in #CBFC Mumbai. Thank you very much for the necessary action taken and definitely hoping for this to be an example for every government official who intends to or is…
— Vishal (@VishalKOfficial) September 30, 2023
Discussion about this post