കൊല്‍ക്കത്ത: വന്‍ ട്രെയിന്‍ ദുരന്തം ഒഴിവാക്കി 12 വയസ്സുകാരന്റെ സംയോജിത ഇടപെടല്‍. പശ്ചിമ ബംഗാളിലാണ് 12 വയസ്സുകാരന് മുര്‍സലീന്‍ ഷെയ്ഖിന്റെ ധീരതയില്‍ വലിയ ദുരന്തം ഒഴിവായത്. ധരിച്ചിരുന്ന ചുവന്ന ടീ ഷര്‍ട്ട് പതാകയായി ഉപയോഗിച്ചാണ് ട്രാക്കിലെ അപകടത്തെ കുറിച്ച് ട്രെയിനിന്റെ ലോകോ പൈലറ്റിന് അപകട മുന്നറിയിപ്പ് നല്‍കിയത്.
പശ്ചിമ ബംഗാളിലെ മാള്‍ഡയില്‍ റെയില്‍വേ യാര്‍ഡിന് സമീപം കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. ട്രെയിന്‍ വരുന്ന സമയത്ത് മുര്‍സലീന്‍ ഷെയ്ഖ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നു.
യാര്‍ഡിന് സമീപമുള്ള റെയില്‍വേ ട്രാക്കുകളുടെ ഒരു ഭാഗം തകര്‍ന്നതും ഒരു പാസഞ്ചര്‍ ട്രെയിന്‍ അവിടേയ്ക്ക് അതിവേഗം വരുന്നതും കുട്ടിയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഉടന്‍ തന്നെ തന്റെ ചുവന്ന ടീ ഷര്‍ട്ട് അഴിച്ച് എതിരെ വരുന്ന ഒരു ട്രെയിനിന് നേരെ വീശാന്‍ തുടങ്ങി.
ട്രെയിനിന്റെ ലോക്കോ പൈലറ്റ് സിഗ്നല്‍ കണ്ട് എമര്‍ജന്‍സി ബ്രേക്ക് പിടിച്ചതിനാല്‍ അപകടം ഒഴിവാകുകയായിരുന്നു. കൃത്യസമയത്ത് വിവേകത്തോടെ പ്രവര്‍ത്തിക്കുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്ത് കുട്ടിയെ റെയില്‍വേ ഉദ്യോഗസ്ഥര്‍ അഭിനന്ദിച്ചു. റെയില്‍വേ അധികൃതര്‍ ധീരത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ക്യാഷ് പ്രൈസും കുട്ടിക്ക് നല്കി ആദരിച്ചു.
പ്രാദേശിക പാര്‍ലമെന്റ് അംഗവും ഡിവിഷണല്‍ റെയില്‍ മാനേജരും മുര്‍സലീന്‍ ഷെയ്ഖിനെ വീട്ടിലെത്തി തന്നെ അഭിനന്ദിച്ചു. ട്രാക്കിന്റെ തകര്‍ന്ന ഭാഗം നന്നാക്കി യാത്ര പുനരാരംഭിച്ചതായി അധികൃതര്‍ അറിയിച്ചു
Discussion about this post