ന്യൂഡൽഹി: തനിക്ക് എതിരെ പ്രസ്താവനകൾ നടത്തിയ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയെ ഹൈദരബാദിൽ മത്സരിക്കാൻ വെല്ലുവിളിച്ച് എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവൈസി. രാഹുലിനോട് വയനാട്ടിൽ മത്സരിക്കുന്നതിന് പകരം ഹൈദരാബാദിൽ മത്സരിക്കാൻ തയ്യാറുണ്ടോയെന്നാണ് ഒവൈസി വെല്ലുവിളിച്ചിരിക്കുന്നത്. ഹൈദരബാദിൽ നടന്ന റാലിയിലാണ് ഒവൈസിയുടെ വെല്ലുവിളി.
കോൺഗ്രസ് സർക്കാരിന്റെ കാലത്താണ് ബാബരി മസ്ജിദ് തകർത്തത് എന്ന് പറഞ്ഞാണ് രാഹുലിനെ ഒവൈസി തിരഞ്ഞെടുപ്പിന് മത്സരിക്കാൻ വെല്ലുവിളിച്ചിരിക്കുന്നത്. ‘ഞാൻ നിങ്ങളുടെ നേതാവിനെ (രാഹുലിനെ) മത്സരിക്കാൻ വെല്ലുവിളിക്കുന്നു, വയനാട്ടിലല്ല ഹൈദരാബാദിൽ. നിങ്ങൾ വലിയ പ്രസ്താവന നടത്തുന്നത് തുടരുകയാണ്. ഗ്രൗണ്ടിൽ വന്ന് എനിക്കെതിരെ പോരാടൂ. ഞാൻ തയ്യാറാണ്. ബാബരി മസ്ജിദും സെക്രട്ടേറിയറ്റ് മസ്ജിദും തകർക്കപ്പെട്ടത് കോൺഗ്രസ് ഭരണത്തിന് കീഴിലാണ്’- എന്നാണ് ഒവൈസി പറഞ്ഞത്.
നേരത്തെ, തെലങ്കാനയിലെ കോൺഗ്രസ് റാലിക്കിടെ ഒവൈസിയുടെ പാർട്ടിക്കെതിരെ രാഹുൽ രൂക്ഷവിമർശനം നടത്തിയിരുന്നു. ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കുകയാണ് എഐഎംഐഎം എന്നായിരുന്നു രാഹുൽ കുറ്റപ്പെടുത്തിയത്.
‘കോൺഗ്രസ് ബിആർഎസിനെതിരെ മാത്രമല്ല പോരാടുന്നത്. ബിആർഎസും ബിജെപിയും എഐഎംഐഎമ്മും ചേർന്ന ത്രയത്തിനെതിരെയാണ് കോൺഗ്രസ് പോരാടുന്നത്’, രാഹുൽ പറയുകയുണ്ടായി.
ALSO READ- നാല് ജില്ലകളിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ ഇഡി റെയ്ഡ്, 12 ഇടത്ത് പരിശോധന
തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനും അസദുദ്ദീൻ ഒവൈസിക്കുമെതിരെ സിബിഐ-ഇഡി അന്വേഷണങ്ങൾ വരാത്തത് ഇവർ തമ്മിലുള്ള രഹസ്യ ബന്ധം കാരണമെന്നാണ് രാഹുൽ പറഞ്ഞത്.