ന്യൂഡൽഹി: വനിതാ ഗുസ്ത് താരങ്ങൾ ഉയർത്തിയ ലൈംഗികാരോപണം നേരിടുന്ന റെസ്ലിങ് ഫെഡറേഷൻ മുൻ അധ്യക്ഷനായ ബിജെപി എംപി ബ്രിജ്ഭൂഷൺ ശരൺ സിങിനെതിരെ ഗുരുതര ആരോപണങ്ങൾ. ബ്രിജ്ഭൂഷൺ അവസരം കിട്ടുമ്പോഴെല്ലാം സ്ത്രീത്വത്തെ അപമാനിച്ചിരുന്നു എന്ന് ഡൽഹി പോലീസ് കോടതിയിൽ ഉന്നയിച്ചു.
വനിതാ ഗുസ്തി താരങ്ങൾ നൽകിയ ലൈംഗികാതിക്രമ പരാതിയുടെ വിചാരണ വേളയിലാണ് പോലീസ് ബ്രിജ്ഭൂഷണെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്.
ബ്രിജ് ഭൂഷണ് താൻ ചെയ്യുന്നത് എന്താണെന്ന് കൃത്യമായ ധാരണയുണ്ടായിരുന്നുവെന്നും ഇയാൾക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നും അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അതുൽ ശ്രീവാസ്തവ കോടതിയെ അറിയിച്ചു. ഗുസ്തി താരങ്ങൾ രേഖാമൂലം നൽകിയ പരാതിയും സാക്ഷിമൊഴികളും ഉൾപ്പടെയുള്ളവയാണ് കോടതിയിൽ ചൂണ്ടിക്കാണിച്ചത്.
ബ്രിജ്ഭൂഷണെതിരായ ലൈംഗികാരോപണ കേസിനാസ്പദമായ സംഭവം നടന്നത് ഇന്ത്യയ്ക്ക് പുറത്താണെന്നും അതിനാൽ സിആർപിസി സെക്ഷൻ 188 പ്രകാരമുള്ള അനുമതി കേസിനാവശ്യമാണെന്നുമാണ് ബ്രിജ്ഭൂഷണിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്.
ഈ വാദത്തെ എതിർത്ത അതുൽ ശ്രീവാസ്തവ എല്ലാ കേസുകളും ഇന്ത്യയ്ക്ക് പുറത്തല്ല നടന്നതെന്നും അതിനാൽ പ്രത്യേക അനുമതി ആവശ്യമില്ലെന്നും കോടതിയെ ബോധ്യപ്പെടുത്തിുകകയായിരുന്നു.
ALSO READ- മദ്യപിക്കാൻ വിളിച്ചിട്ട് പോയില്ല; യുവാവിന്റെ കാലുകൾ സുഹൃത്തുക്കൾ തല്ലിയൊടിച്ചു, തലയടിച്ച് പൊട്ടിച്ചു; സംഭവം തിരുവനന്തപുരത്ത്
ഗുസ്തി താരങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജൂൺ 15-നാണ് ബ്രിജ് ഭൂഷണിനെതിരേ ഡൽഹി പോലീസ് കുറ്റപത്രം സമർപ്പിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354 (സ്ത്രീകളുടെ അന്തസ്സ് ഹനിക്കൽ), 354 എ (ലൈംഗികപീഡനം), 354 ഡി (പിന്തുടർന്ന് ശല്യംചെയ്യൽ), 506 (ഭീഷണിപ്പെടുത്തൽ) എന്നീ കുറ്റങ്ങളാണ് ബ്രിജ് ഭൂഷണെതിരേ ചുമത്തിയിരിക്കുന്നത്.