ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍ ലോക്‌സഭ പാസാക്കി. 454 പേര്‍ വനിതാസംവരണ ബില്ലിനെ പിന്തുണച്ചു. രണ്ടുപേര്‍ എതിര്‍ത്തു. എഐഎംഐഎം പാര്‍ട്ടിയുടെ രണ്ട് അംഗങ്ങള്‍ ബില്ലിനെ എതിര്‍ത്തു. അസദുദ്ദീന്‍ ഉവൈസി ബില്ലില്‍ മുസ്ലിം സംവരണം ആവശ്യപ്പെട്ട് ഭേദഗതി നിര്‍ദ്ദേശം മുന്നോട്ട് വച്ചെങ്കിലും ഇത് വോട്ടിനിട്ട് തള്ളി. 33 ശതമാനം ലോക്‌സഭാ, നിയമസഭാ സീറ്റുകള്‍ വനിതകള്‍ക്ക് സംവരണം ചെയ്യുന്നതാണ് ബില്‍.
സ്ലിപ്പ് നല്‍കിയാണ് വോട്ടെടുപ്പ് നടന്നത്. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ വനിതാ സംവരണ ബില്‍ ലോക്‌സഭ പാസാക്കി. നാളെ രാജ്യസഭയില്‍ ബില്‍ അവതരിപ്പിക്കും. രാജ്യസഭയിലും ബില്ല് പാസാകും. നിയമസഭകളുടെ പിന്തുണ തേടേണ്ടി വരില്ലെന്നാണ് വിലയിരുത്തല്‍.
വനിതാ സംവരണബില്ലുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ സംസാരിച്ച ഭരണ-പ്രതിപക്ഷ അംഗങ്ങളെല്ലാം ബില്ലിനെ പിന്തുണയ്ക്കുകയായിരുന്നു. ബില്‍ സ്ത്രീകളുടെ അന്തസ്സും അവസര സമത്വവും ഉയര്‍ത്തും. സ്ത്രീകള്‍ക്ക് പ്രാതിനിധ്യം ലഭിക്കുമെന്നുമുള്ള ആമുഖത്തോടെയായിരുന്നു കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ ബില്‍ അവതരിപ്പിച്ചത്. ഏഴു മണിക്കൂറായിരുന്നു ബില്ലിന്റെ ചര്‍ച്ചയ്ക്കായി നീക്കിവെച്ചത്.
പുതിയ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ആദ്യ ബില്ലായി വനിതാ സംവരണ ബില്‍ മാറി. നാരിശക്തീ വന്ദന്‍ എന്ന പേരില്‍ അവതരിപ്പിച്ച ബില്‍ ലോക്സഭയിലും നിയമസഭയിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണമാണ് ലക്ഷ്യം വയ്ക്കുന്നത്. വനിതാ സംവരണത്തിനകത്ത് പട്ടികവിഭാഗങ്ങള്‍ക്ക് ഉപസംവരണം ഉണ്ടാകും.