ന്യൂഡല്‍ഹി: കാറുകള്‍ ചെറുതായി ഉരസിയതിന്റെ പേരില്‍ മലയാളി പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മര്‍ദിച്ച് യുവാക്കള്‍. കേശവപുരം പൊലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ എം.ജി. രാജേഷ് (50) ആണ് മര്‍ദനത്തിന് ഇരയായത്. ജോലി കഴിഞ്ഞ് മടങ്ങവെയാണ് പോലീസുദ്യോഗസ്ഥന്‍ ആക്രമണത്തിന് ഇരയായത്.
സംഭവത്തില്‍ ഒരു സ്ത്രീയും ഇവരുടെ മക്കളായ രണ്ടു യുവാക്കളുമാണ് അറസ്റ്റിലായതെന്ന് ഡിസിപി (വെസ്റ്റ്) വിചിത്ര വീര്‍ അറിയിച്ചു. രാത്രി 11 മണിക്ക് തിലക് നഗറിലേക്കുള്ള വീട്ടിലേക്കു പോകവെയാണ് രാജേഷ് ആക്രമണത്തിന് ഇരയായത്.
രഘുബീര്‍ നഗര്‍ ഗോഡാവാല മന്ദിറിനു സമീപമാണ് ആക്രമണം നടന്നത്. യുവാക്കള്‍ സഞ്ചരിച്ച കാര്‍ രാജേഷിന്റെ കാറിനെ മറികടന്ന് പെട്ടെന്ന് ബ്രേക്ക് ചെയ്തു. ഇതോടെ രാജേഷിന്റെ കാര്‍ ഇവരുടെ കാറിന്റെ പിന്നില്‍ ചെറുതായി ഇടിക്കുകയായിരുന്നു.
ക്ഷുഭിതരായി ഡോറ് തുറന്നെത്തിയ യുവാക്കള്‍ പോലീസുദ്യോഗസ്ഥനെ ക്രൂരമായ മര്‍ദിക്കുകയായിരുന്നു. യുവാക്കളോടൊപ്പം കാറിലുണ്ടായിരുന്ന സ്ത്രീയും രാജേഷിനെ ആക്രമിക്കാന്‍ ശ്രമിച്ചു.
കാറിന്റെ നാലുഭാഗത്തെ ചില്ലും അടിച്ചുതകര്‍ത്തു. വാതിലിന്റെ ചില്ലു താഴ്ത്തിയ ശേഷം കാറില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ രാജേഷിനെ ഇഷ്ടികയും ഇരുമ്പുവടിയും ഉപയോഗിച്ച് തലങ്ങും വിലങ്ങും ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.