ന്യൂഡല്‍ഹി: പഴയ പാര്‍ലമെന്റ് മന്ദിരം ഇനി മുതല്‍ സംവിധാന്‍ സദന്‍ ( ഭരണഘടനാ മന്ദിരം) എന്നറിയപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് പോകുന്നത് രാജ്യത്തിന് ഇത് പുതിയ തുടക്കമായി മാറുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ ചരിത്രപ്രസിദ്ധമായ സെന്‍ട്രല്‍ ഹാളില്‍ എംപിമാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ലോകം വിശ്വസിക്കുന്നത് ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്നാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ അഭിലാഷങ്ങള്‍ ഉള്‍ക്കൊണ്ടാകണം പരിഷ്‌കാരങ്ങള്‍ നടപ്പാക്കേണ്ടതെന്നും 2047ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കാനുള്ള പ്രതിജ്ഞാബദ്ധത വീണ്ടും ഉറപ്പിക്കണമെന്നും മോഡി പാര്‍ലമെന്റ് അംഗങ്ങളോട് അഭ്യര്‍ത്ഥിച്ചു.
‘1952 മുതല്‍, ലോകമെമ്പാടുമുള്ള 41 രാഷ്ട്രത്തലവന്മാര്‍ സെന്‍ട്രല്‍ ഹാളില്‍ എംപിമാരെ അഭിസംബോധന ചെയ്തിട്ടുണ്ട്, കഴിഞ്ഞ ഏഴ് പതിറ്റാണ്ടിനിടെ 4,000-ത്തിലധികം നിയമങ്ങള്‍ പാര്‍ലമെന്റ് പാസാക്കിയിട്ടുണ്ട്,’ പ്രധാനമന്ത്രി പറഞ്ഞു.