ഗാസിയാബാദ്: ആരോഗ്യവാനായ യുവാവ് ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ഞെട്ടൽ. ഗാസിയാബാദിലെ ഖോദയിലാണ് പത്തൊമ്പതുകാരനായ യുവാവ് മരിച്ചത്. സിദ്ധാർഥ് കുമാർ സിങ് ആണ് ശനിയാഴ്ച്ച ട്രെഡ്മില്ലിൽ പരിശീലനം നടക്കുന്നതിനിടെ കുഴഞ്ഞുവീണത്.
ട്രെഡ്മില്ലിൽ നടക്കുന്നതിനിടെ ബാലൻസ് നഷ്ടപ്പെട്ട് കുഴഞ്ഞുവീഴുന്നതാണ് വീഡിയോയിൽ കാണുന്നത്. വർക്കൗട്ടിനിടെയുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് നിഗമനം. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു.
കുഴഞ്ഞുവീണ ഉടനെ ജിമ്മിലുള്ള മറ്റുരണ്ടുപേർ സിദ്ധാർഥിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആശുപത്രിയിലെത്തിക്കും മുമ്പു തന്നെ സിദ്ധാർഥ് മരണപ്പെട്ടിരുന്നുവെന്ന് ഇന്ദിരാപുരം അസിസ്റ്റന്റ് പോലീസ് കമ്മീഷണർ സ്വതന്ത്ര ദേവ് പറഞ്ഞു. ഹൃദയാഘാതം ആണെന്നാണ് പ്രാഥമിക നിഗമനമെന്ന് യുവാവിനെ ചികിത്സിച്ച ഡോ. ആർഎൻ സിങ് പറഞ്ഞു.
ALSO READ- കേരളത്തില്‍ അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യത
നോയിഡയിൽ ഒന്നാംവർഷ ബിരുദവിദ്യാർഥിയായിരുന്നു സിദ്ധാർഥ്. മാതാപിതാക്കളുടെ ഏകമകനാണ്. അതേസമയം, സിദ്ധാർത്ഥിന് തിരിച്ചറിയപ്പെടാതെ കിടന്നിരുന്ന ഹൃദ്രോഗങ്ങളോ രക്തസമ്മർദ സംബന്ധമായ പ്രശ്‌നങ്ങളോ ആകാം മരണത്തിനു പിന്നിൽ എന്ന് ഉത്തർപ്രദേശ് ആരോഗ്യവിഭാഗം മുൻഡയറക്ടറായ ഡോ.എൻകെ ഗുപ്ത പ്രതികരിച്ചു.
യുവാക്കളിൽ ജീവിതശൈലീരോഗങ്ങൾ വർധിക്കുന്നതായി കണ്ടുവരുന്നുണ്ടെന്നും സമാനമായ ഹൃദയാഘാതമരണങ്ങൾ അടുത്തിടെയായി വർധിച്ചുവരികയാണെന്ും അദ്ദേഹം നിരീക്ഷിച്ചു. ബാഡ്മിന്റൺ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ മുപ്പത്തിയെട്ടുകാരനായ യുവാവ് കുഴഞ്ഞുവീണ് മരിച്ചതും നേരത്തെ വാർത്തയായിരുന്നു. ഹൈദരാബാദിൽ നിന്നുള്ള ശ്യാംയാദവ് ആണ് മരിച്ചത്.