വിധവകൾക്കും വൃദ്ധർക്കും പെൻഷനായി ലഭിക്കുന്നത് 1000 രൂപ; അലഞ്ഞുനടക്കുന്ന പശുക്കൾക്ക് 1500 രൂപ! കൂടുതൽ സുരക്ഷ പശുക്കൾക്ക് നൽകാൻ യോഗി സർക്കാർ

ലഖ്‌നോ: ഉത്തർപ്രദേശിൽ മനുഷ്യരേക്കാൾ മൂല്യം പശുവിനെന്ന് വീണ്ടും തെളിയിച്ച് സർക്കാർ നടപടി. സംസ്ഥാനത്തെ വിധവകൾക്കും വൃദ്ധർക്കും ലഭിക്കുന്ന സാമൂഹിക സുരക്ഷാ പെൻഷനേക്കാൾ കൂടുതൽ തുക അലഞ്ഞുതിരിഞ്ഞ് നടക്കുന്ന പശുക്കൾക്ക് നൽകി യോഗി ആദിത്യ നാഥ് സർക്കാരിന്റെ നടപടി.

ഭർത്താവ് മരിച്ചതോ ഉപേക്ഷിച്ചതോ ആയ വിധവകൾക്കും 60 വയസ്സിന് മുകളിലുള്ള വൃദ്ധർക്കും പ്രതിമാസം 1,000 രൂപയാണ് യുപിയിലെ സർക്കാർ നൽകുന്ന സാമൂഹിക സുരക്ഷാ പെൻഷൻ. ഇതേസമയം, അലഞ്ഞുതിരിയുന്ന പശുക്കളെ സംരക്ഷിക്കുന്ന ഗോശാലകൾക്ക് പശുവൊന്നിന് 1500 രൂപ വീതമാണ് നൽകുന്നത്.

പശുക്കൾക്ക് നേരത്തെ 900 രൂപയായിരുന്നു സംരക്ഷിണത്തിനായി നൽകിയിരുന്നത്. ഇതാണ് ഇപ്പോൾ പ്രതിദിനം 50 രൂപ എന്ന നിരക്കിൽ മാസം 1,500 ആക്കി വർധിപ്പിച്ചത്. സെപ്തംബർ 9 നാണ് ഇതുസംബന്ധിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രസ്താവന ഇറക്കിയത്.

13.7 ലക്ഷം അലഞ്ഞുതിരിയുന്ന കന്നുകാലികളെയാണ് സംസ്ഥാനത്തെ 6,889 പശു സംരക്ഷണ കേന്ദ്രങ്ങളിലായി പരിപാലിക്കുന്നത്. ഇതിൽ 11.9 ലക്ഷം പശുക്കൾ പശു സംരക്ഷണ കേന്ദ്രങ്ങളിലാണ്. 1,85,000 പശുക്കൾ മുഖ്യമന്ത്രി സഹഭഗീത യോജനയ്ക്ക് കീഴിലായി വ്യക്തികളാണ് സംരക്ഷിക്കുന്നത്. ഇത്തരത്തിൽ കന്നുകാലി ഭക്ഷണത്തിനായി ഒരു വർഷം 2,500 കോടിയിലധികമാണ് സർക്കാർ ചെലവഴിക്കുന്നത്.

ALSO READ- പണത്തിനോടും സ്ത്രീകളോടും ആസക്തി, ഗണേഷ് കുമാര്‍ വൃത്തികെട്ടവനെന്ന് വെള്ളാപ്പള്ളി, അപ്പോള്‍ കാണുന്നവനെ അപ്പാ വിളിക്കുന്നയാളാണ് തിരവഞ്ചൂരെന്നും എസ്എന്‍ഡിപി നേതാവ്

2022-23 സംസ്ഥാന ബജറ്റിൽ വാർധക്യ പെൻഷൻ ഗുണഭോക്താക്കൾക്ക് മൊത്തം 6,069 കോടി രൂപയും വിധവാ പെൻഷൻ പദ്ധതിക്ക് കീഴിൽ 3,299 കോടിരൂപയുമാണ് വിതരണം ചെയ്തിരിക്കുന്നത്.

യുപിയിൽ പശുക്കളെയും കാളകളെയും എരുമകളെയും കശാപ്പ് ചെയ്യുന്നത് ഉത്തർപ്രദേശിൽ ശിക്ഷാർഹമാണ്. കർഷകർ പ്രായമായ കന്നുകാലികളെ തെരുവിലേക്ക് അഴിച്ചുവിടുകയാണ് പതിവ്. ഇവ കാരണം അപകടങ്ങളും കൃഷി നാശവും പതിവാണ്.

Exit mobile version