ആന്ധ്ര മുന്‍മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറസ്റ്റില്‍

ആന്ധ്ര മാനവവിഭവ ശേഷി പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്.

ബംഗളൂരു: അഴിമതിക്കേസ് ആരോപിച്ച് ടിഡിപി അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ എന്‍. ചന്ദ്രബാബു നായിഡു അറസ്റ്റില്‍. ആന്ധ്രയിലെ നന്ത്യാലില്‍ നിന്നാണ് നായിഡുവിനെ ആന്ധ്ര പോലീസിന്റെ സിഐഡി വിഭാഗം അറസ്റ്റ് ചെയ്തത്. ആന്ധ്ര മാനവവിഭവ ശേഷി പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്.

മാനവ വിഭവ ശേഷി വികസനവുമായി ബന്ധപ്പെട്ട് ഒരു സീമന്‍സ് ഇന്‍ഡസ്ട്രി സോഫ്‌റ്റ്വേയര്‍ ഓഫ് ഇന്ത്യ എന്ന കമ്പനി സര്‍ക്കാരില്‍ നിന്ന് കോടികള്‍ തട്ടിയെന്നാണ് കേസ്. 2014-ല്‍ നായിഡു മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് ഈ കമ്പനിയുമായി ആന്ധ്ര സര്‍ക്കാര്‍ കരാര്‍ ഒപ്പിടുന്നത്. ഇതില്‍ അഴിമതിയുണ്ടെന്നാണ് കണ്ടെത്തല്‍.

അതേസമയം, നായിഡുവിന്റെ മകന്‍ നാരാ ലോകേഷിനെയും ആന്ധ്ര പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഈസ്റ്റ് ഗോദാവരി ജില്ലയില്‍ പാര്‍ട്ടി പരിപാടികള്‍ക്ക് എത്തിയതിന് ഇടയ്ക്കാണ് നാരാ ലോകേഷിനെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. നായിഡുവിനെ അറസ്റ്റ് ചെയ്ത നന്ത്യാലിലേക്ക് പോകാന്‍ ശ്രമിക്കവേയാണ് നാരാ ലോകേഷിനെ കസ്റ്റഡിയില്‍ എടുത്തത്.

Exit mobile version