കോളേജ് വിദ്യാര്‍ത്ഥിനിയോട് സുഹൃത്തുക്കള്‍ക്ക് ഒരേ സമയം പ്രണയം; കാത്തിരുന്ന് കിട്ടിയ പെണ്‍കുട്ടിയുടെ മറുപടി നയിച്ചത് കൊലപാതകത്തിലേയ്ക്ക്! എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മുന്‍താസറിന്റെ മരണത്തില്‍ വഴിത്തിരിവില്‍

സംഭവത്തില്‍ ആത്മാര്‍ത്ഥ സുഹൃത്ത് ഉള്‍പ്പെട്ട മൂന്നു പേരെ തിരുവിടൈമരുത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.

തഞ്ചാവൂര്‍: എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ മുന്‍താസറിന്റെ മരണത്തില്‍ വഴിത്തിരിവ്. മുന്‍താസറിനെ സുഹൃത്തുക്കള്‍ തന്നെ കൊലപ്പെടുത്തിയതെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. അതിന് പ്രേരണയായത് പ്രണവൈരാഗ്യം എന്നാണ് ലഭിക്കുന്ന വിവരം. ശനിയാഴ്ച രാവിലെയാണ് തമിഴ്നാട്ടിലെ കുംഭകോണത്ത് നിന്ന് മൃതദേഹം കണ്ടെടുത്തത്.

സംഭവത്തില്‍ ആത്മാര്‍ത്ഥ സുഹൃത്ത് ഉള്‍പ്പെട്ട മൂന്നു പേരെ തിരുവിടൈമരുത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. മുന്‍താസറിന്റെ വീടിന് ഏഴു കിലോമീറ്റര്‍ അകലെ വീരചോളന്‍ നദിക്കരയിലാണ് മുന്‍താസറിന്റെ മൃതദേഹം കണ്ടെത്തിയത്. വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നായിരുന്നു പ്രാഥമിക നിഗമനം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രണയ വൈരാഗ്യം ആണെന്ന ഞെട്ടിപ്പിക്കുന്ന വിവരം പുറത്ത് വരുന്നത്.

മുന്‍താസറിന്റെ സുഹൃത്തുക്കളായ എം ഇജാസ് അഹമ്മദ്, എം മുഹമ്മദ് ജലാലുദ്ദീന്‍, ആര്‍ മുഹമ്മദ് എന്നിവരാണ് കൊലപാതകത്തിന് പിന്നില്‍. ഇവരാണ് അറസ്റ്റിലായത്. തിരിച്ചിറപ്പള്ളിയിലുള്ള കോളേജ് വിദ്യാര്‍ത്ഥിനിയോട് മുന്‍താസറിനും ഇജാസിനും പ്രണയമുണ്ടായിരുന്നു. എന്നാല്‍ പെണ്‍കുട്ടിക്ക് മുന്‍താസറിനോട് മാത്രമാണ് പ്രണയമെന്ന് അറിഞ്ഞതോടെയാണ് ക്രൂര കൊലപാതകത്തിലേയ്ക്ക് നയിച്ചത്. മുന്‍തസറിന്റെ പിതാവ് വിദേശത്താണ്.

വീട്ടില്‍ അമ്മയും മകനും മാത്രമാണ് താമസം. വെള്ളിയാഴ്ച വൈകിട്ട് സഹോദരിയുടെ വീട്ടിലേയ്ക്കെന്ന് പറഞ്ഞാണ് മുന്‍താസര്‍ ബൈക്കില്‍ പോയത്. പിന്നാലെ വിളിച്ച് സുഹൃത്തിന്റെ ജന്മദിനാഘോഷത്തിനു പോകുകയാണെന്ന് മുംതാസിനു വിളി വന്നിരുന്നു. തുടര്‍ന്ന് മുന്‍താസറിനെ തട്ടിക്കൊണ്ടുപോകുകയാണെന്നും അഞ്ച് ലക്ഷം രൂപ നല്‍കിയാല്‍ മോചിപ്പിക്കാമെന്ന് അമ്മയ്ക്ക് ഫോണ്‍ കോള്‍ കിട്ടി. തിരികെ വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. മൊബൈല്‍ ഫോണ്‍ സിഗ്‌നല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലാകുന്നത്.

Exit mobile version