ലഖ്‌നൗ: തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ വിവാദ സനാതന ധര്‍മ്മ പരാമര്‍ശത്തിനെ രൂക്ഷമായി വിമര്‍ശിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിരവധി പേരാണ് ഉദയനിധിയ്‌ക്കെതിരെ രംഗത്തെത്തിയത്.
സനാതന ധര്‍മ്മത്തിനെതിരെ മുന്‍ കാലങ്ങളില്‍ നടന്നിട്ടുളള അക്രമങ്ങള്‍ പരാജയപ്പെട്ടിട്ടുണ്ട്. രാവണന്റെ അഹങ്കാരത്തിനോ കംസന്റെ ഗര്‍ജ്ജനത്തിനോ സനാതന ധര്‍മ്മത്തെ പരാജയപ്പെടുത്താന്‍ സാധിച്ചിട്ടില്ല. ബാബറിന്റെയും ഔറംഗസേബിന്റെയും ക്രൂരതകള്‍ക്ക് സനാതന ധര്‍മ്മത്തെ ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ല. അധികാരമോഹികളുടെ ശ്രമം കൊണ്ട് സനാതന ധര്‍മ്മം ഇല്ലാതാക്കാന്‍ സാധിക്കുമോ എന്നും യോഗി ആദിത്യനാഥ് ചോദിക്കുന്നു. സമൂഹമാധ്യമത്തിലൂടെയാണ് യോഗിയുടെ പ്രതികരണം.
സനാതന ധര്‍മ്മത്തിന് നേരെ വിരല്‍ ചൂണ്ടുന്നത് മനുഷ്യരാശിയെ കുഴപ്പത്തിലാക്കാനുള്ള ദുരുദ്ദേശ്യപരമായ ശ്രമത്തിന് തുല്യമാണെന്നും യോഗി ആദിത്യനാഥ് ഉദയനിധി സ്റ്റാലിന്റെ പേര് പരാമര്‍ശിക്കാതെ പറഞ്ഞു. ദൈവത്തെ നശിപ്പിക്കാന്‍ ശ്രമിച്ചവരെല്ലാം സ്വയം നശിപ്പിക്കപ്പെട്ടിട്ടുണ്ട്. 500 വര്‍ഷം മുമ്പ് സനാതന ധര്‍മ്മം അപമാനിക്കപ്പെട്ടു.
ഇന്ന് അയോധ്യയില്‍ രാമക്ഷേത്രം പണിയുകയാണ്. പ്രതിപക്ഷം നിസാര രാഷ്ട്രീയം നടത്താനും ഇന്ത്യയുടെ പുരോഗതിയെ തടസ്സപ്പെടുത്താനും ശ്രമിക്കുന്നു. പക്ഷേ അത് നടക്കില്ലെന്നും യോ?ഗി ആദിത്യനാഥ് പറഞ്ഞു.
‘ഓരോ കാലഘട്ടത്തിലും സത്യത്തെ കള്ളമാക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. രാവണന്‍ നുണ പറയാന്‍ ശ്രമിച്ചില്ലേ? അതിനുമുമ്പ് ഹിരണ്യകശ്യപ് ദൈവത്തെയും സനാതന ധര്‍മ്മത്തെയും അപമാനിക്കാന്‍ ശ്രമിച്ചില്ലേ? കംസന്‍ ദൈവിക അധികാരത്തെ വെല്ലുവിളിച്ചില്ലേ? പക്ഷേ, അവരുടെ ദുരുദ്ദേശ്യപരമായ ശ്രമങ്ങളില്‍ അവയെല്ലാം നശിപ്പിക്കപ്പെട്ടു. സനാതന ധര്‍മ്മമാണ് ശാശ്വതസത്യം എന്നത് മറക്കരുത്. അതിനെ ദ്രോഹിക്കാന്‍ കഴിയില്ല.’-യോഗി ആദിത്യനാഥ് പറഞ്ഞു.
സനാതനധര്‍മ്മം ഡെങ്കിപ്പനിക്കും മലേറിയക്കും സമാനമാണെന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശം. ‘ചില കാര്യങ്ങളെ എതിര്‍ക്കാന്‍ കഴിയില്ല. അതിനെ ഉന്മൂലനം ചെയ്യണം. നമുക്ക് ഡെങ്കിപ്പനി, കൊതുകുകള്‍, മലേറിയ, കൊവിഡ് എന്നിവയെ എതിര്‍ക്കാനാവില്ല. അതുപോലെ സനാതന ധര്‍മ്മത്തെയും ഉന്മൂലനം ചെയ്യുകയാണ് വേണ്ടത്.’ എന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമര്‍ശം.