ഷില്ലോംഗ്: മേഘാലയയില്‍ വീണ്ടും ഖനി ദുരന്തം. ഈസ്റ്റ് ജയന്തിയ ഹില്‍സില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന കല്‍ക്കരി ഖനി തകര്‍ന്ന് വീണ് രണ്ട് പേരാണ് കൊല്ലപ്പെട്ടത്. ഇതേ ജില്ലയിലെ ഖനിയില്‍ കഴിഞ്ഞ 25 ദിവസങ്ങളായി കുടുങ്ങി കിടക്കുന്നവരെ രക്ഷപെടുത്താനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് പുതിയ അപകടം സംഭവിച്ചിരിക്കുന്നത്.
ജില്ലാ ആസ്ഥാനത്തു നിന്ന് അഞ്ചുകിലോമീറ്റര്‍ അകലെ ജലയ്യ ഗ്രാമത്തിലെ മൂക്നോറിലാണ് അപകടം നടന്നത്. അപകടത്തില്‍ പെട്ട തൊഴിലാളികളില്‍ ഒരാളായ 26കാരന്‍ എലാദ് ബറേയുടെ ബന്ധുക്കള്‍ പോലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
വെള്ളിയാഴ്ച മുതല്‍ എലാദിനെ കുറിച്ച് വിവരമില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഖനിയപകടം പുറത്തറിയുന്നത്.
ഖനിയില്‍ നടത്തിയ തെരച്ചിലിനിടെ ഖനിക്കുള്ളിലെ എലിമടകള്‍ പോലുള്ള ഇടുങ്ങിയ അറകളിലൊന്നില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. മരിച്ചവരില്‍ രണ്ടാമന്‍ മനോജ് ബസുമത്രി എന്നയാളാണ്.
കല്‍ക്കരി ഖനനത്തിനിടെ പാറക്കല്ലുകള്‍ വീണായിരിക്കാം ഇരുവരും മരിച്ചതെന്നാണ് കരുതുന്നതെന്ന് പോലീസ് പറഞ്ഞു. അതേസമയം, ഈ അനധികൃത ഖനിയുടെ ഉടമയെ കണ്ടെത്തുന്നതിനുള്ള ശ്രമം തുടരുകയാണ്.