ഹൈദരാബാദ്: വന്ദേമാതരവും ഭാരത് മാതാ കീ ജയ് വിളിക്കുകയും ചെയ്യാത്ത പ്രോടൈം സ്പീക്കര്‍ക്ക് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യില്ലെന്ന് ശപഥം ചെയ്ത് ബിജെപി എംഎല്‍എ. ഒവൈസിയുടെ പാര്‍ട്ടിയായ ഐഐഎംഐഎമ്മില്‍ നിന്നുള്ള പ്രോടെം സ്പീക്കര്‍ക്കെതിരെയാണ് തെലങ്കാനയിലെ ബിജെപി രാജാ സിങ് എംഎല്‍എയുടെ പ്രതിഷേധം.
എഐഎംഐഎം നിയമസഭാംഗമായ മുംതാസ് അഹമ്മദ് ഖാനെ കഴിഞ്ഞ ദിവസമാണ് പ്രോടെം സ്പീക്കറായി തെരഞ്ഞെടുത്തത്. അദ്ദേഹത്തിന്റെ പാര്‍ട്ടി ഹിന്ദുക്കളെ തുടച്ചുനീക്കാന്‍ ആഗ്രഹിക്കുന്നവരാണെന്ന് രാജാ സിങ് ആരോപിച്ചു. അവര്‍ ഒരിക്കലും വന്ദേ മാതരം പാടുകയോ ഭാരത് മാതാ കീ ജയ് വിളിക്കുകയോ ചെയ്യില്ല. അതിനാല്‍ പ്രോടെം സ്പീക്കര്‍ക്ക് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യില്ലെന്നാണ് രാജാ സിങ് പറയുന്നത്.
നിയമസഭാ സമ്മേളനം തുടങ്ങുന്ന ജനുവരി ഏഴിനാണ് പുതിയ എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്യേണ്ടത്. മറ്റുള്ളവര്‍ സത്യപ്രതിജ്ഞ ചെയ്താലും താന്‍ ചെയ്യില്ല. ഇതുസംബന്ധിച്ച നിയമോപദേശം തേടുമെന്നും അദ്ദേഹം വ്യക്തമാക്കി. മുംതാസ് അഹമ്മദ് ഖാനെ പ്രോടെം സ്പീക്കറായി നിയോഗിച്ച തീരുമാനം പുനപ്പരിശോധിക്കണമെന്ന് രാജാ സിങ് മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനയച്ച വീഡിയോ സന്ദേശത്തില്‍ ആവശ്യപ്പെട്ടു. താന്‍ അസംബ്ലിയിലേക്ക് പോകുകയോ സത്യപ്രതിജ്ഞ ചെയ്യുകയോ ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.