ബംഗളൂരു; മലായാളി യുവാവിനെ ലിവ് ഇന്‍ പങ്കാളി കുത്തിക്കൊന്നു. ബംഗളൂരുവിലാണ് സംഭവം. പാനൂര്‍ അണിയാരം സ്വദേശി ഫാത്തിമാസില്‍ ജാവേദാണ് കൊല്ലപ്പെട്ടത്. ഇരുപത്തിയൊമ്പത് വയസ്സായിരുന്നു. ഇയാള്‍ക്കൊപ്പം താമസിച്ചിരുന്ന രേണുക എന്ന യുവതിയാണ് കൊലപാതകം നടത്തിയത്.
ജാവേദും കര്‍ണാടകത്തിലെ ബെലഗാവി സ്വദേശിയായ രേണുകയും കഴിഞ്ഞ മൂന്നരവര്‍ഷമായി ഒന്നിച്ചാണ് താമസം. ഇരുവരും ബംഗളുരു നഗരത്തിലെ ലോഡ്ജുകളിലും സര്‍വീസ് അപ്പാര്‍ട്ട്മെന്റുകളിലും വാടകവീടുകളിലുമായി മാറിമാറി താമസിച്ചുവരികയായിരുന്നു.
ചൊവ്വാഴ്ച വൈകിട്ട് മുതല്‍ രേണുകയും ജാവേദും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കമുണ്ടായിരുന്നതായി അയാല്‍വാസികള്‍ പറഞ്ഞു. അതിനിടെ, രേണുക കത്തിയെടുത്ത് ജാവേദിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു. ജാവേദിന്റെ നിലവിളി കേട്ട് ഓടിയെത്തിയ അപ്പാര്‍ട്ട്മെന്റിലെ അയല്‍വാസികള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന ജാവേദിനെയാണ് കണ്ടത്.
രേണുക ജാവേദിന് സമീപം ഇരിക്കുകയായിരുന്നു. ഉടന്‍തന്നെ ജാവേദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവസ്ഥലത്തെത്തിയ ഹുളിമാവ് പൊലീസ് രേണുകയെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിച്ചു.
Discussion about this post