പരസ്യത്തില്‍ 16 ബിസ്‌കറ്റുകള്‍, പാക്കറ്റില്‍ 15 എണ്ണം മാത്രം: ഉപഭോക്താവിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്

ചെന്നൈ: പാക്കറ്റില്‍ പറയുന്ന എണ്ണം ബിസ്‌കറ്റില്ലാത്തതിനാല്‍ ഉപഭോക്താവിന് കമ്പനി ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി. പരസ്യത്തില്‍ 16 ബിസ്‌കറ്റുകള്‍ ഒരു പാക്കറ്റിലുണ്ടെന്ന് കമ്പനി പറയുന്നുണ്ടെങ്കിലും 15 എണ്ണമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് പരാതി.

ചെന്നൈ സ്വദേശിയായ പി ദില്ലിബാബുവിന്റെ പരാതിയിന്മേലാണ് കോടതി ഐടിസി ഫുഡ് ഡിവിഷന് ശിക്ഷ വിധിച്ചത്. ഐടിസിയുടെ സണ്‍ഫീസ്റ്റ് മാരിലൈറ്റ് ബിസ്‌കറ്റിന്റെ പാക്കറ്റില്‍ 16 ബിസ്‌കറ്റിനു പകരം 15 ബിസ്‌കറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന പരാതി തിരുവള്ളൂര്‍ ജില്ലാ ഉപഭോക്തൃ കോടതിയാണ് പരിഗണിച്ചത്.

പരാതിക്കാരന്റെ വാദം കോടതി അംഗീകരിച്ചു. എണ്ണമല്ല, തൂക്കമാണ് അടിസ്ഥാനമാക്കേണ്ടതെന്ന കമ്പനിയുടെ വാദം കോടതി തള്ളി. ബിസ്‌കറ്റിന്റെ എണ്ണം പാക്കറ്റില്‍ പറഞ്ഞിട്ടുണ്ടെന്നും ഇതാണ് ഉപഭോക്താക്കള്‍ കാണുന്നതെന്നും കോടതി നിലപാടെടുത്തു. ഇത് നോക്കിയാണ് പലരും ഉത്പന്നം വാങ്ങുന്നത്. അതുകൊണ്ട് തന്നെ ഇത് ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിക്കലാണ്. ഇത് തെറ്റായ കച്ചവട രീതിയാണെന്നും കോടതി കുറ്റപ്പെടുത്തി. ഈ ബാച്ചിലുള്ള ബിസ്‌കറ്റ് വില്പന നിര്‍ത്തിവെക്കണമെന്നും കോടതി നിര്‍ദേശം നല്‍കി.

കമ്പനിക്ക് നൂറു കോടി പിഴ ചുമത്തണമെന്നും പത്തു കോടി രൂപ നഷ്ടപരിഹാരം വേണമെന്നുമാണ് പരാതിക്കാരന്‍ ആവശ്യപ്പെട്ടിരുന്നത്. ഇത് പെരുപ്പിച്ച തുകയാണെന്നും ബിസ്‌ക്കറ്റ് വിറ്റ കച്ചവടക്കാരന് തെറ്റില്‍ പങ്കില്ലാത്തതിനാല്‍ അയാള്‍ക്കെതിരെ നടപടിയെടുക്കാനാവില്ലെന്നും കോടതി നിലപാടെടുത്തു.

2021 ഡിസംബറിലാണ് പരാതിക്കാധാരമായ സംഭവം നടക്കുന്നത്. മണാലിയിലെ ഒരു കടയില്‍ നിന്ന് പരാതിക്കാരന്‍ ‘സണ്‍ ഫീസ്റ്റ് മാരി ലൈറ്റ്’ ബിസ്‌കറ്റിന്റെ 24 പാക്കറ്റുകള്‍ വാങ്ങി. ഇതിലെ ഒരു പാക്കറ്റില്‍ 15 ബിസ്‌കറ്റുകളേ ഉണ്ടായിരുന്നുള്ളൂ. വിശദീകരണം തേടി ഐടിസിയെ സമീപിച്ചിരുന്നെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്നും അതുകൊണ്ട് പരാതി നല്‍കുകയായിരുന്നു എന്നും ദില്ലിബാബു പറയുന്നു.

Exit mobile version