ന്യൂഡല്‍ഹി: പഠനത്തിലും ഒരുപോലെ തിളങ്ങി മികച്ച വിജയം കൈവരിച്ച ഇരട്ട സഹോദരന്മാര്‍ രാജ്യത്തിന്റെ ശ്രദ്ധ നേടുന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റുകളില്‍ പ്രവേശനം നേടാനുള്ള കാറ്റ് (കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ്) 2018 പരീക്ഷയില്‍ 99 ശതമാനം മാര്‍ക്ക് നേടി രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയാണ് ഇരട്ട സഹോദരന്മാരായ അഭിഷേക് ഗാര്‍ഗും അനുഭവ് ഗാര്‍ഗും രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്നത്. CAT 2018ല്‍ അഭിഷേക് 99.99 ശതമാനവും അനുഭവ് 99.97 ശതമാനം മാര്‍ക്കുമാണ് നേടിയത്.
ഒരുവര്‍ഷത്തെ കഠിന പരിശീലനത്തിന് പുറമേ പലതവണ മോക് ടെസ്റ്റുകള്‍ അറ്റന്‍ഡ് ചെയ്തതും പരീക്ഷയില്‍ 99 ശതമാനത്തിലേറെ മാര്‍ക്ക് നേടാന്‍ സഹായിച്ചതായി ഗാര്‍ഗ് സഹോദരങ്ങള്‍ പറയുന്നു. പഠനത്തോടൊപ്പം മോക്ക് ടെസ്റ്റുകള്‍ അറ്റന്‍ഡ് ചെയ്താല്‍ വിജയം കൂടെപ്പോരുമെന്നാണ് കാറ്റ് പരീക്ഷയ്ക്ക് ഒരുങ്ങുന്നവരോട് ഇരുവരും പറയുന്നത്.
ഡല്‍ഹി സ്വദേശികളാണ് അഭിഷേകും അനുഭവും. മാനേജ്മെന്റ് മേഖലയില്‍ തങ്ങളുടെ പിതാവ് തരുണ്‍ ഗാര്‍ഗിന്റെ വിജയം പരീക്ഷയ്ക്ക് ഒരുങ്ങാന്‍ പ്രചോദനമായെന്നും ഇവര്‍ പറയുന്നു. ലഖ്നൗ ഐഐഎം പൂര്‍വവിദ്യാര്‍ഥിയും മാരുതി സുസുകി ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടറുമാണ് തരുണ്‍ ഗാര്‍ഗ്.
ഏതാണ്ട് ഒരേസമയത്ത് ജനിച്ച അഭിഷേകും അനുഭവും എന്‍ജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ പാസായതും ഡല്‍ഹി ഐഐടിയില്‍ ചേര്‍ന്നതും ഒരുമിച്ചുതന്നെയാണ്.