അഭിമാനതാരം പ്രഗ്‌നാനന്ദയ്ക്ക് വൻവരവേൽപും ഒപ്പം സമ്മാനമഴയും! 30 ലക്ഷം കൈമാറി മുഖ്യമന്ത്രി സ്റ്റാലിൻ; ഇലക്ട്രിക് എസ്‌യുവി സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര

ചെന്നൈ: ചെസ് ലോകകപ്പിൽ ഫൈനലിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ രണ്ടാംസ്ഥാനംനേടി തിരികെ എത്തിയ ഇന്ത്യയുടെ അഭിമാനമായ ചെസ് താരം പ്രഗ്നാനന്ദയ്ക്ക് ഒരുക്കിയത് വൻവരവേൽപ്. രാജ്യത്ത് തിരികെ എത്തിയ പ്രഗ്‌നാനന്ദ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും അടക്കമുള്ളവരെ സന്ദർശിച്ച് തന്റെ നേട്ടം പങ്കുവെച്ചു.

കഴിഞ്ഞദിവസം ചെന്നൈയിൽ വന്നിറങ്ങിയ പ്രഗ്‌നാനന്ദയെ സംസ്ഥാനസർക്കാരിന്റെ നേതൃത്വത്തിലാണ് വിമാനത്താവളത്തിൽ സ്വീകരിച്ചത്. പരമ്പരാഗത തമിഴ് കലാരൂപങ്ങൾ അവതരിപ്പിച്ചാണ് സ്വീകരണം ഒരുക്കിയത്. പ്രഗ്നാനന്ദയുടെ സ്‌കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും പ്ലക്കാർഡുകളുമായി എത്തി. തൊട്ടുപിന്നാലെ മുഖ്യമന്ത്രി എംകെ സ്റ്റാലിനെ സന്ദർശിച്ച പ്രഗ്നാനന്ദയ്ക്ക് തമിഴ്‌നാട് സർക്കാരിന്റെ പാരിതോഷികമായ 30 ലക്ഷം രൂപയുടെ ചെക്ക് കൈമാറി.

മാതാപിതാക്കൾക്കും സഹോദരിക്കും ഒപ്പമെത്തിയാണ് പ്രഗ്‌നാനന്ദ സമ്മാനം സ്വീകരിച്ചത്. കായികമന്ത്രി ഉദയനിധി സ്റ്റാലിനും പ്രഗ്നാനന്ദയെയും കുടുംബത്തെയും സ്വീകരിക്കാനെത്തി. സ്വീകരണത്തിൽ സന്തോഷമുണ്ടെന്നും ഇത് ചെസിന് ഏറെ ഗുണകരമായ നടപടിയാണെന്നും പ്രഗ്നാനന്ദ പ്രതികരിച്ചു.തന്നെ സ്വീകരിക്കാൻ എത്തിയവർക്ക് പ്രഗ്നാനന്ദ നന്ദിയും അറിയിച്ചു.

ALSO READ- വിവാഹ വാഗ്ദാനം നൽകി പീഡനം; ഫോണിൽ ചിത്രങ്ങൾ പകർത്തി വിളിച്ചു വരുത്തി യുവതിയെ വെട്ടി വീഴ്ത്തി; കോട്ടയത്ത് 31കാരൻ പിടിയിൽ, പോക്‌സോ കേസിലും പ്രതി

അതേസമയം, വിശ്വനാഥൻ ആനന്ദ് ലോകചാമ്പ്യൻഷിപ്പ് വിജയിച്ച് തിരിച്ചെത്തിയപ്പോൾ ചെന്നൈയിൽ ലഭിച്ച സ്വീകരണത്തിന് സമാനമായ വരവേൽപ്പാണ് സഹോദരന് ലഭിച്ചതെന്ന് പ്രഗ്നാനന്ദയുടെ സഹോദരിയും ചെസ് താരവുമായ വൈശാലി പറഞ്ഞു.

ഇതിനിടെ പ്രഗ്‌നാനന്ദയുടെ ഫൈനൽ പ്രവേശനത്തിന് പിന്നാലെ സമ്മാനമായി നൽകുമെന്ന് അറിയിച്ചിരുന്ന ഇലക്ട്രിക് കാർ മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര പ്രഗ്നാനന്ദയ്ക്ക് സമ്മാനിക്കുകയും ചെയ്തു.

Exit mobile version