ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ ആര്‍എസ്എസ്സില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള വിലക്ക് നീക്കിയേക്കും. കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം ഇതുസംബന്ധിച്ച നടപടികള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍.
ബിഎംഎസ് പ്രധാനമന്ത്രിക്ക് നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ ആര്‍എസ്എസ്സിലോ ജമാഅത്തെ ഇസ്ലാമിയിലൊ അംഗത്വമെടുക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യരുതെന്ന ഉത്തരവ് മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരാണ് പുറത്തിറക്കിയത്. 1964 ലെ സര്‍വീസ് ചട്ടം ബിയില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഇതില്‍ ആര്‍എസ്എസ്സില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള വിലക്ക് നീക്കാനുള്ള നടപടിയാണ് തുടങ്ങിയിട്ടുള്ളത്.
ബിഎംഎസ്സിന്റെ സംഘടനയായ ഗവണ്മെന്റ് എംപ്ലോയീസ് നാഷണല്‍ കോണ്‍ഫെഡറേഷനാണ് 2014 ല്‍ പ്രധാനമന്ത്രിക്ക് ഇതുസംബന്ധിച്ച നിവേദനം നല്‍കിയത്. അനുകൂല നടപടിയെടുക്കാന്‍ നിര്‍ദ്ദേശിച്ച് പ്രധാനമന്ത്രി കത്ത് പേഴ്സണല്‍ മന്ത്രാലയത്തിന് കൈമാറിയിരുന്നു. നാലുവര്‍ഷം പിന്നിട്ടിട്ടും നടപടിയെടുക്കാത്തതില്‍ ബിഎംഎസ് അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
ആര്‍എസ്എസ്സില്‍ പ്രവര്‍ത്തിക്കുന്നത് ജീവനക്കാരുടെ മാനസിക – ശാരീരിക ശാക്തീകരണത്തിന് സഹായകമാകുമെന്ന നിവേദനത്തിലെ വാദം അംഗീകരിച്ചുകൊണ്ടാണ് വിലക്ക് നീക്കാനുള്ള ശ്രമം. വിലക്ക് നീക്കുന്നത് സംബന്ധിച്ച പ്രപാരംഭ നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നാണ് പേഴ്സണല്‍ മന്ത്രാലയ വൃത്തങ്ങള്‍ നല്കുന്ന സൂചന.
Discussion about this post