ലഖ്നൗ: ബസ് യാത്രക്കാർക്ക് നമസ്‌കാരത്തിന് അവസരമൊരുക്കാൻ അൽപ സമയം നിർത്തിയതിന്റെ പേരിൽ ജോലി നഷ്ടമായ കണ്ടക്ടർ ജീവനൊടുക്കി. ഉത്തർപ്രദേശ് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷൻ കണ്ടക്ടർ മോഹിത് യാദവാണ് ജോലി നഷ്ടപ്പെട്ടതിനെ തുടർന്നുണ്ടായ പ്രതിസന്ധികൾക്ക് പരിഹാരം കാണാനാകാതെ ജീവനൊടുക്കിയത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് തിങ്കളാഴ്ച മോഹിത് ട്രെയിനിന് മുന്നിൽച്ചാടി ജീവനൊടുക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
ജൂൺ മാസത്തിലാണ് മോഹിതിന്റെ കരാർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷൻ റദ്ദാക്കിയത്. ബെയ്റേലി-ഡൽഹി ജൻരഥ് ബസ് ഓടിക്കുന്നയാളായിരുന്നു മോഹിത്. ജൂൺ മാസത്തിൽ യാത്രക്കിടെ ബസ് ദേശീയപാതയിൽ മോഹിത് നിർത്തിയതിനെ തുടർന്നായിരുന്നു നടപടി നേരിട്ടത്.
എട്ടംഗ കുടുംബത്തിന്റെ ഏക വരുമാനമായിരുന്നു മോഹിതിന്റെ ജോലി. ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് പ്രതിസന്ധിയിലായ മോഹിത് പലയിടത്തും ജോലി തേടിയെങ്കിലും ഒന്നും ശരിയായിരുന്നില്ല. തുടർന്ന് മോഹിത് കടുത്ത നിരാശയിലായിരുന്നു എന്ന് ബന്ധുക്കൾ പറയുന്നു.
മോഹിത്തിന്റെ അഭ്യർഥനകൾക്കൊന്നും ഉത്തർപ്രദേശ് ട്രാൻസ്പോർട്ട് വകുപ്പ് ചെവികൊടുത്തില്ലെന്നും മോഹിതിന് പറയാനുള്ളതൊന്നും കേൾക്കാൻ അധികൃതർ തയ്യാറായില്ലെന്നുംഭാര്യ റിങ്കി യാദവ് ആരോപിച്ചു. മനുഷ്യത്വത്തിന്റെ പേരിലാണ് ഭർത്താവ് ബസ് നിർത്തിക്കൊടുത്തതെന്നും റിങ്കി പറയുന്നു.
കൂടാതെ, ബസ് നിർത്തുന്നതിന് മുമ്പ് മറ്റു യാത്രക്കാരോട് മോഹിത് കാരണം വ്യക്തമാക്കുന്ന വീഡിയോയും പുറത്തെത്തിയിരുന്നു. യാത്രക്കാരിലൊരാൾ പകർത്തിയ ദൃശ്യത്തിൽ ഒരു വിഭാഗക്കാർക്ക് വേണ്ടി രണ്ട് മിനിറ്റ് ബസ് നിർത്തുന്നതിൽ കുഴപ്പമില്ലെന്നും ഇതരമതക്കാർ തമ്മിൽ യാതൊരു പ്രശ്നവുമില്ലെന്നും മോഹിത് വ്യക്തമാക്കുന്നുണ്ട്. വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചതിന് പിന്നാലെയാണ് ദിവസങ്ങൾക്കുള്ളിൽ മോഹിതിന് ജോലി നഷ്ടമായത്.