വാഷിങ്ടൺ: വിവിധ രാജ്യങ്ങൾ താമസിക്കുന്നവർ ഉൾപ്പടെയുള്ള ഇന്ത്യക്കാരിൽ 80 ശതമാനം പേർ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് അനുകൂലമായി ചിന്തിക്കുന്നുവെന്ന് സർവേ റിപ്പോർട്ട്. പ്യൂ റിസേർച്ച് സെന്ററിന്റെ സർവേ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. അടുത്ത കാലത്തായി ഇന്ത്യ കൂടുതൽ ലോകരാജ്യങ്ങൾക്കിടയിൽ സ്വാധീനശക്തിയായി വളർന്നുവെന്ന് പത്തിൽ ഏഴ് ഇന്ത്യക്കാർ വിശ്വസിക്കുന്നുവെന്നും സർവേ റിപ്പോർട്ടിൽ പറയുന്നുണ്ട്.
സർവേയിൽ പങ്കെടുത്ത 46 ശതമാനംപേർ ആഗോളതലത്തിൽ ഇന്ത്യയ്ക്ക് അനുകൂലമായി ചിന്തിക്കുമ്പോൾ 34 ശതമാനം പേർ എതിരായി ചിന്തിക്കുന്നുണ്ട്. 16 ശതമാനംപേർ പ്രതികരിക്കാൻ തയ്യാറായില്ല. ഏറ്റവും കൂടുതൽ ഇന്ത്യയ്ക്ക് അനുകൂലമായ പ്രതികരണം ഉണ്ടായത് ഇസ്രയേലിൽനിന്നാണ്- 71 ശതമാനമെന്നും ജി- 20 ഉച്ചകോടിക്ക് മുന്നോടിയായി നടത്തിയ പ്യൂ റിസേർച്ച് സെന്റർ റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയിൽനിന്ന് 2,611 പേരടക്കം 24 രാജ്യങ്ങളിൽനിന്നായി 30,861 പേർ സർവേയിൽ പങ്കാളികളായെന്നാണ് കണ്കക്,. സർവേയിൽ പങ്കെടുത്ത പത്തിൽ എട്ടുപേർ പ്രധാനമന്ത്രി മോഡിക്ക് അനുകൂലമായി ചിന്തിക്കുമ്പോൾ, ഇതിൽ 55% പേർ അദ്ദേഹത്തെ വളരെയധികം പിന്തുണയ്ക്കുന്നു. അഞ്ചിൽ ഒരാൾ മോഡിക്കെതിരായി അഭിപ്രായം രേഖപ്പെടുത്തിയെന്നാണ് കണക്ക്.
ഫെബ്രുവരി 20 മുതൽ മേയ് 22 വരെയുള്ള കാലത്താണ് സർവേ നടത്തിയത്. സർവേയിൽ പങ്കെടുത്ത 49 ശതമാനം ഇന്ത്യക്കാർ അമേരിക്കയുടെ സ്വാധീനം വർധിക്കുന്നതായി രേഖപ്പെടുത്തുകയും 41 ശതമാനം പേർ റഷ്യയുടെ സ്വാധീനം വർധിക്കുകയാണെന്നും അഭിപ്രായപ്പെട്ടു.
ഇതിനിടെ, നരേന്ദ്രമോഡിയുടെ ജനപ്രീതിക്ക് യാതൊരു കോട്ടവും തട്ടിയിട്ടില്ലെന്ന് സർവേയോട് ബിജെപി പ്രതികരിക്കുകയും ചെയ്തു. ആഗോളതലത്തിൽ ഇന്ത്യയുടെ സ്വാധീനം വർധിച്ചുവരുന്നതായി ഇന്ത്യയിലേയും ലോകത്തേയും ഭൂരിപക്ഷം കരുതുന്നതായി എക്സ് (ട്വിറ്റർ) പോസ്റ്റിൽ ബിജെപി അവകാശപ്പെട്ടു.
Discussion about this post