ജനങ്ങള്‍ക്ക് ആശ്വാസം, പാചകവാതക സിലണ്ടറുകളുടെ വില കുറച്ചത് ഇന്ന് പ്രാബല്യത്തില്‍ വരും

ഇന്നലെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് പാചകവാതക സിലണ്ടറുകളുടെ വില കുറയ്ക്കാന്‍ തീരുമാനിച്ചത്.

ന്യൂഡല്‍ഹി: പാചകവാതക സിലണ്ടറുകളുടെ വില കുറച്ചത് ഇന്ന് പ്രാബല്യത്തില്‍ വരും. 200 രൂപയാണ് കുറച്ചത്. ഡല്‍ഹിയില്‍ 14.2 കിലോ ഗാര്‍ഹിക സിലിണ്ടറിന് 1103 രൂപയില്‍ നിന്നും 903 രൂപയായി വില കുറയും. ഉജ്വല്‍ യോജന പദ്ദതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് 703 രൂപയ്ക്കും സിലിണ്ടര്‍ ലഭിക്കും.

ഇതോടെ 33 കോടി പേര്‍ക്ക് പുതിയ പ്രഖ്യാപനത്തിന്റെ ഗുണം കിട്ടും. ഇന്നലെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് പാചകവാതക സിലണ്ടറുകളുടെ വില കുറയ്ക്കാന്‍ തീരുമാനിച്ചത്.

പാചകവാതക വില കുറച്ച നടപടി നിരവധി കുടുംബങ്ങള്‍ക്ക് സന്തോഷം പകരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു. വീടുകള്‍ക്കുള്ളില്‍ സ്ത്രീകളുടെ ജീവിതം മെച്ചപ്പെടുത്താനും ഇത് സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള പാചകവാതക സിലണ്ടറുകളുടെ വില ഇരുന്നൂറ് രൂപയാണ് കേന്ദ്രസര്‍ക്കാര്‍ കുറച്ചത്. ഓണം – രക്ഷാ ബന്ധന്‍ ആഘോഷവേളയില്‍ പ്രധാനമന്ത്രിയുടെ സമ്മാനമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഉജ്വല യോജന പദ്ധതിയിലുള്ളവര്‍ക്കുള്ള 200 രൂപ സബ്‌സിഡിക്ക് പുറമെയാണിത്.

അതേസമയം, വില കുറച്ച നടപടി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്നും, തെരഞ്ഞെടുപ്പുകളിലെ പരാജയങ്ങളെ തുടര്‍ന്നാണ് നടപടിയെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു.

Exit mobile version