സൂര്യനിലും കൈയ്യൊപ്പ് ചാര്‍ത്താന്‍ ഇന്ത്യ: ആദിത്യ എല്‍ 1 വിക്ഷേപണം ശനിയാഴ്ച

ശ്രീഹരിക്കോട്ട: ചന്ദ്രയാന്‍ 3യ്ക്ക് പിന്നാലെ ഇന്ത്യയുടെ ആദ്യ സൗര ദൗത്യവും ഒരുങ്ങുന്നു. സൂര്യനെ പഠിക്കാനായി ഇന്ത്യ വിക്ഷേപിക്കുന്ന പേടകം ആദിത്യ എല്‍ 1ന്റെ വിക്ഷേപണ തീയതി ഐഎസ്ആര്‍ഒ പുറത്തുവിട്ടു. ഈ ശനിയാഴ്ച പേടകം വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയില്‍ നിന്നും പകല്‍ 11.50 നായിരിക്കും വിക്ഷേപണം നടക്കുകയെന്നും ഐഎസ്ആര്‍ഒ ട്വിറ്ററിലൂടെ അറിയിച്ചു.

പിഎസ്എല്‍വിയായിരിക്കും ദൗത്യത്തിന് ഉപയോഗിക്കുന്ന വിക്ഷേപണ വാഹനം. ദൗത്യത്തിന്റെ ലക്ഷ്യം ഒന്നാം ലഗ്രാഞ്ച് പോയിന്റാണ്. സൗരാന്തരീക്ഷത്തിലെ ബാഹ്യഭാഗത്തെയും (സോളാര്‍ കൊറോണ) സൗര അന്തരീക്ഷത്തെയും കുറിച്ച് പഠിക്കാനാണ് ആദിത്യ-എല്‍1 ബഹിരാകാശ പേടകം വിക്ഷേപിക്കുന്നത്. സൗരവാതങ്ങളെക്കുറിച്ചും ദൗത്യത്തില്‍ വിശദമായി പഠിക്കും.

ഭൂമിയുടെ കാലാവസ്ഥയില്‍ സൂര്യന്റെ സ്വാധീനം മനസ്സിലാക്കാന്‍ ദൗത്യത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷ. ഭൂമിയില്‍ നിന്ന് സൂര്യനിലേക്കുള്ള ദൂരം 15 കോടി കിലോമീറ്റര്‍ ആണെങ്കിലും 15 ലക്ഷം കിലോമീറ്ററാണ് ആദിത്യ എല്‍-1 സഞ്ചരിക്കുക.

ഇന്ത്യയുടെ ആദ്യ സൗര ദൗത്യം ഉടന്‍ തന്നെയുണ്ടാകുമെന്ന് പ്രധാനമന്ത്രിയും ഇസ്രോ ചെയര്‍മാനും സൂചന നല്‍കിയിരുന്നു. ചന്ദ്രയാന്‍ 3ന്റെ വിജയത്തിന് ശേഷം നടത്തിയ അഭിസംബോധനയിലും ഇസ്രോ ചെയര്‍മാന്‍ ഇക്കാര്യം പറഞ്ഞിരുന്നു. വിക്ഷേപണം കാണാന്‍ സാധാരണക്കാര്‍ക്കും അവസരം ഒരുക്കിയിട്ടുണ്ട്. ഇതിനുള്ള ബുക്കിംഗ് വിവരങ്ങളും ഇസ്രോ പുറത്തുവിട്ടു.

Exit mobile version