ന്യൂഡല്‍ഹി: വിമാനത്തില്‍ വെച്ച് മരണത്തിനും ജീവിതത്തിനുമിടയില്‍ കിടന്ന് പിടഞ്ഞ രണ്ടു വയസ്സുകാരിക്ക് പുതുജീവന്‍ നല്‍കി ഡോക്ടര്‍മാര്‍. വിമാനത്തിലുണ്ടായിരുന്ന ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാരാണ് കുരുന്നുജീവന് തുണയായത്.
ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാരായ നവദീപ് കൗര്‍, ദമന്‍ദീപ് സിങ്, ഋഷഭ് ജെയിന്‍, ഒയിഷിക, അവിചല തക്ഷക് എന്നിവരാണ് ദൗത്യത്തില്‍ പങ്കാളികളായത്.ബെംഗളൂരു – ഡല്‍ഹി വിമാനയാത്രയ്ക്കിടെയായിരുന്നു സംഭവം. ബെംഗളൂരുവില്‍നിന്നു ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് രക്ഷിതാക്കള്‍ക്കൊപ്പം ഡല്‍ഹിയിലേക്കു മടങ്ങുകയായിരുന്നു കുഞ്ഞ്.
അതിനിടെയാണ് അബോധാവസ്ഥയിലായത്. ഉടന്‍തന്നെ വിമാനത്തില്‍ ഡോക്ടര്‍മാര്‍ക്കായി അനൗണ്‍സ്‌മെന്റ ഉയര്‍ന്നു. അപ്പോഴാണ് എയിംസിലെ ഡോക്ടര്‍മാര്‍ സഹായത്തിനായി എത്തിയത്.
പ്രാഥമിക പരിശോധനയില്‍ കുട്ടിയുടെ നാഡീമിടിപ്പ് നിലച്ചതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. കുട്ടിയുടെ ചുണ്ടും വിരലുകളും നീലനിറമായി മാറിയിരുന്നു. ഉടന്‍തന്നെ പ്രാഥമിക ശുശ്രൂഷ ആരംഭിക്കുകയും വിമാനം നാഗ്പുരിലേക്കു തിരിച്ചുവിടുകയും ചെയ്തു.
ഡോക്ടര്‍മാര്‍ കൃത്രിമ ശ്വാസം നല്‍കുകയും ഹൃദയാഘാതത്തെ ചെറുക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ഇതോടെ കുട്ടിക്ക് ബോധം തിരിച്ചുകിട്ടി. നാഗ്പുരില്‍ എത്തിയപ്പോഴേക്കും കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. കുട്ടിയെ ശിശുരോഗ വിദഗ്ധര്‍ക്ക് കൈമാറി.