മുംബൈ: ഓണ്‍ലൈന്‍ റമ്മി പരസ്യത്തില്‍ അഭിനയിച്ചതിനെ തുടര്‍ന്ന് നടന് ഷാരൂഖ് ഖാന്റെ മുംബൈയിലെ വസതിയായ ‘മന്നത്തി’ന് മുന്നില്‍ പ്രതിഷേധം. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് കിങ് ഖാന്റെ വസതിക്ക് മുന്നില്‍ ‘അണ്ടച് യൂത്ത് ഫൗണ്ടേഷന്’ എന്ന സംഘടനയില്‍പ്പെട്ടവര്‍ പ്രതിഷേധവുമായെത്തിയത്. യുവജനങ്ങളെ വഴിതെറ്റിക്കുന്നതാണ് ഇത്തരം ഓണ്‍ലൈന്‍ ചൂതാട്ട പ്ലാറ്റ്ഫോമുകളെന്നും അതിനെതിരെ കൂട്ടായ ബോധവല്‍ക്കരണമാണ് നടത്തേണ്ടെന്നും സംഘടനാ പ്രവര്‍ത്തകര്‍ പറയുന്നു.
ഓണ്‍ലൈനില്‍ കളിക്കുന്ന ഇതേ കളി ചീട്ടുമെടുത്ത് പൊതുസ്ഥലത്തിരുന്ന് കളിച്ചാല്‍ പോലീസ് അറസ്റ്റ് ചെയ്യും. എന്നിട്ടും ബോളിവുഡ് സൂപ്പര്‍താരങ്ങള്‍ ഇതിനെ പ്രോത്സാഹിപ്പിക്കുന്നത് തെറ്റാണെന്നും പണത്തിന് വേണ്ടി എന്തും ചെയ്യാമെന്ന അവസ്ഥയുണ്ടാകരുതെന്നും പ്രതിഷേധക്കാര്‍ പറയുന്നു.
താരങ്ങളെ ‘താര’ങ്ങളാക്കിയത് തങ്ങളെ പോലുള്ള സാധാരണക്കാര്‍ സിനിമ കണ്ടാണെന്നും അതുകൊണ്ട് തന്നെ സമൂഹത്തെ വഴിതെറ്റിക്കുന്ന ഇത്തരം പരസ്യങ്ങളില്‍ നിന്ന് പിന്മാറാന് അവരോട് ആവശ്യപ്പെടാനുള്ള സ്വാതന്ത്ര്യവുമുണ്ടെന്നും സംഘടനാവക്താക്കള് കൂട്ടിച്ചേര്‍ത്തു.
ഗൂഗിളില്‍ തിരഞ്ഞാല്‍ ഈ ആപ്പുകള്‍ ലഭ്യമല്ലെന്നും നിയമവിരുദ്ധമായതിനാല്‍ സ്വകാര്യ വെബ്സൈറ്റുകളിലാണ് ഇവ ലഭിക്കുകയെന്നും ഇവര്‍ ആരോപിക്കുന്നു. പ്രതിഷേധക്കാര്‍ ഷാരൂഖിന്റെ വസതിക്ക് മുന്നിലെത്തിയതറിഞ്ഞ് പോലീസും പാഞ്ഞെത്തി. അഞ്ചോളം പേരെ അറസ്റ്റ് ചെയ്ത് നീക്കിയതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
Discussion about this post