‘എനിക്ക് നാണക്കേട് തോന്നുന്നില്ല, ഗ്രാമത്തിലെ എല്ലാവരും എന്റെയൊപ്പം; തല്ലാൻ ആവശ്യപ്പെട്ടത് കുട്ടികളെ നിയന്ത്രിക്കാൻ’; അധ്യാപിക തൃപ്ത ത്യാഗി

ലഖ്നൗ: ഉത്തർപ്രദേശിലെ സ്‌കൂളിലെ മറ്റ് മതത്തിൽപ്പെട്ട സഹപാഠിയെ തല്ലാൻ കുട്ടികളോട് ആവശ്യപ്പെട്ട സംഭവത്തിൽ നാണക്കേട് തോന്നുന്നില്ലെന്ന് അധ്യാപിക തൃപ്ത ത്യാഗി. ഗ്രാമത്തിലെ എല്ലാവരും തന്റെയൊപ്പമാണെന്നും അവർ അവകാശപ്പെട്ടു. ഒരു അധ്യാപികയെന്ന നിലയിൽ താൻ ഗ്രാമത്തിലെ ജനങ്ങളെയെല്ലാം സേവിച്ചിട്ടുണ്ടെന്നും അവർ പറയുന്നു.

‘ഈ രാജ്യത്ത് നിയമങ്ങളുണ്ട്. എന്നാൽ സ്‌കൂളുകളിലെ കുട്ടികളെ നിയന്ത്രിക്കേണ്ടതുണ്ട്. ഈ രീതിയിലാണ് അവരെ കൈകാര്യം ചെയ്യേണ്ടത്’-എന്നാണ് തൃപ്ത പ്രതികരിച്ചത്.

നേരത്തെ, വിഷയത്തെ പെരുപ്പിച്ച് കാട്ടുകയാണെന്ന ആരോപണം ഇവർ ഉന്നയിച്ചിരുന്നു. പ്രചരിക്കുന്ന തരത്തിലുള്ള ഉദ്ദേശം തനിക്ക് ഇല്ലായിരുന്നു. തെറ്റ് മനസ്സിലാക്കുന്നുവെന്നും താനൊരു ഭിന്നശേഷിക്കാരിയാണെന്നും അവർ പറഞ്ഞിരുന്നു.

ഉത്തർപ്രദേശിലെ മുസാഫർനഗറിലെ കുബപ്പുർ ഗ്രാമത്തിലെ നേഹ പബ്ലിക് സ്‌കൂളിൽ നിന്നുള്ള ദൃശ്യങ്ങളാണ് രാജ്യത്തിന് നാണക്കേടായി മാറിയത്. ഒരു മതവിഭാഗത്തിലെ കുട്ടിയെ തല്ലാൻ മറ്റുമതവിഭാഗത്തിലെ കുട്ടികളോട് അധ്യാപിക ആവശ്യപ്പെടുന്ന വീഡിയോ വെള്ളിയാഴ്ചയാണ് സോഷ്യൽമീഡിയയിലൂടെ പ്രചരിച്ചത്. വ്യാഴാഴ്ച നടന്ന ഈ സംഭവം പിറ്റേന്നാണ് പുറംലോകത്തെത്തിയത്.

അടിയേറ്റ് കുട്ടി കരയുന്നതും കൂടുതൽ കുട്ടികളോട് തല്ലാൻ അധ്യാപിക ആവശ്യപ്പെടുന്നതും വിദ്വേഷപരമായി സംസാരിക്കുന്നതുമാണ് ഈ വീഡിയോയിലുണ്ടായിരുന്നത്. സംഭവം വിവാദമായതോടെ വീഡിയോ പ്രചരിപ്പിക്കരുതെന്ന് ബാലാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു.

ALSO READ- 19കാരിയായ മകന്റെ ഭാര്യയോട് താൽപര്യം; രക്ഷിക്കാനായി ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭാര്യ

അതേസമയം ഗൃഹപാഠം പൂർത്തിയാക്കാത്തതിനാലാണ് അധ്യാപിക ഇങ്ങനെ ചെയ്തതെന്നാണ് പോലീസ് നൽകുന്ന വിശദീകരണം. തങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസം മുസ്ലീം കുട്ടികളുടെ അമ്മമാർ ശ്രദ്ധിക്കുന്നില്ലെന്നും അവരുടെ വിദ്യാഭ്യാസം പൂർണമായും തകർക്കപ്പെട്ടിരുന്നുവെന്നും അധ്യാപിക ആരോപിച്ചതായി പോലീസ് പറഞ്ഞു.

കുട്ടിയുടെ പിതാവിന്റെ പരാതിയിൽ അധ്യാപികയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. തങ്ങൾ വിഷയം അന്വേഷിച്ചു. അവർക്കെതിരേ വകുപ്പുതല നടപടി സ്വീകരിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

Exit mobile version