250 കിലോമീറ്റര്‍ വേഗത്തില്‍ പറന്ന റോള്‍സ് റോയ്‌സ് ടാങ്കറില്‍ ഇടിച്ചു; ഡ്രൈവറും സഹായിയും മരിച്ചു, കാര്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റു

നൂഹ്: ഹരിയാനയില്‍ എണ്ണ ടാങ്കറും റോള്‍സ് റോയ്‌സ് ഫാന്റം കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. അപകടത്തില്‍ ടാങ്കര്‍ ഡ്രൈവറും സഹായിയും മരിച്ചു. കാറില്‍ ഉണ്ടായിരുന്ന അഞ്ച് യാത്രക്കാരില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. നൂഹിലെ ഡല്‍ഹി – മുംബൈ ബറോഡ എക്‌സ്പ്രസ് വേയിലായിരുന്നു അപകടം. തെറ്റായ വശത്ത് കൂടി വരികയായിരുന്ന ടാങ്കര്‍ കാറുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.

ഉത്തര്‍പ്രദേശുകാരായ ടാങ്കര്‍ ഡ്രൈവര്‍ റാംപ്രീത്, സഹായി കുല്‍ദീപ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്. കാറിലുണ്ടായിരുന്ന ചണ്ഡീഗഡ് സ്വദേശികളായ ദിവ്യ,
തസ്ബീര്‍, ഡല്‍ഹി സ്വദേശി വികാസ് മാലു എന്നിവര്‍ക്കാണ് പരിക്കേറ്റത്. മൂവരും ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയില്‍ ചികിത്സയിലാണ്.

അപകടത്തില്‍പ്പെട്ട വികാസ് മാലുവിന്റേതാണ് അപകടത്തില്‍പ്പെട്ട വാഹനം. പ്രമുഖ വ്യവസായിയും കുബേര്‍ ഗ്രൂപ്പിന്റെ ചെയര്‍മാനുമാണ് വികാസ് മാലു.

റോള്‍സ് റോയ്സ് ഫാന്റം അതിവേഗത്തില്‍ എത്തുന്നതിനിടെ ഡല്‍ഹി-മുംബൈ ഹൈവേയില്‍ ടാങ്കര്‍ യു-ടേണ്‍ എടുത്തതാണ് അപകടത്തിന് കാരണമായതെന്നാണ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലുള്ള പ്രാഥമിക നിഗമനം.

കൂട്ടിയിടിയില്‍ റോള്‍സിന് തീപിടിച്ചതായി പോലീസ് പറഞ്ഞു. പിന്നില്‍ മറ്റൊരു കാറിലുണ്ടായിരുന്നവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തില്‍പ്പെട്ട അഞ്ചുപേരെയും ഇവര്‍ പുറത്തെടുത്തു.

Exit mobile version