മുസാഫർനഗർ: യുപിയിലെ മുസാഫർനഗറിലെ സ്‌കൂളിൽ നടന്ന ഞെട്ടിക്കുന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ രാജ്യത്തിന് നാണക്കേടാകുന്നു. കുബപ്പുർ ഗ്രാമത്തിലെ നേഹ സ്‌കൂളിൽ ഒരു മതവിഭാഗത്തിലെ കുട്ടിയെ തല്ലാൻ മറ്റുമതവിഭാഗത്തിലെ കുട്ടികളോട് ആഹ്വാനം ചെയ്യുന്ന അധ്യാപികയുടെ വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്.
രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ ആൺകുട്ടിയുടെ മുഖത്തടിക്കാനും, മുഖം ചുവന്നതിനെ തുടർന്ന് അരക്കെട്ടിൽ അടിക്കാനും അധ്യാപിക സഹപാഠികളെ പ്രേരിപ്പിക്കുന്നതാണ് വീഡിയോ. അടി കൊള്ളുന്ന കുട്ടി കരയുന്നതും വീഡിയോയിൽ കാണാം.
സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തിൽ പോലീസ് വിദ്യാഭ്യാസ വകുപ്പിനോട് നടപടിയെടുക്കാൻ നിർദേശിച്ചിട്ടുണ്ടെന്നാണ് വിവരം. അധ്യാപികയായ ത്രപ്തി ത്യാഗിയാണ് ഒരു കുട്ടിയെ മറ്റു കുട്ടികളെക്കൊണ്ട് കരണത്തടിക്കാനുൾപ്പടെ ആവശ്യപ്പെടുന്നത്. പതുക്കെ അടിച്ച കുട്ടിയോട് ശക്തിയായി അടിക്കാനും അധ്യാപിക ആവശ്യപ്പെടുന്നുണ്ട്.
എന്നാൽ, ഹോം വർക്ക് ചെയ്യാതെ വന്നതിനാണ് കുട്ടിയോട് ശിക്ഷയായാണ് അധ്യാപിക ഇങ്ങനെചെയ്തതെന്നാണ് പോലീസ് അറിയിച്ചത്. അധിക്ഷേപകരമായ കാര്യങ്ങൾ വീഡിയോയിൽ പറയുന്നുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു. വീഡിയോ പങ്കുവെക്കരുതെന്നും കുട്ടികളുടെ സ്വകാര്യതയെ ബാധിക്കുമെന്നും ബാലാവകാശസംഘടന നിർദേശം നൽകിയിട്ടുണ്ട്. വീഡിയോ നീക്കം ചെയ്യാൻ നീക്കങ്ങൾ ആരംഭിക്കും.
വ്യാഴാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ വെള്ളിയാഴ്ച സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. കുട്ടി കരഞ്ഞുകൊണ്ടാണ് സ്‌കൂൾ വിട്ട് വീട്ടിലെത്തിയതെന്നും അവനത് മാനസികമായി വലിയ ആഘാതമായെന്നും അടി കിട്ടിയ കുട്ടിയുടെ മാതാവ് റുബീന പറഞ്ഞു.
ALSO READ- ട്രെയിനില്‍ തീപിടിത്തം; മരിച്ചവരുടെ എണ്ണം 9 ആയി, 20 പേര്‍ക്ക് ഗുരുതര പരിക്ക്
കുട്ടികളോട് ഇങ്ങനെ പെരുമാറരുത്. മകൻ പാഠങ്ങൾ മനഃപാഠമാക്കുന്നില്ലെന്ന് പറഞ്ഞ് അധ്യാപിക തന്റെ പ്രവൃത്തിയെ ന്യായീകരിക്കുകയാണ്. മകൻ പഠിക്കാൻ മിടുക്കനാണ്. ട്യൂഷന് പോകുന്നുണ്ട്. എന്തുകൊണ്ടാണ് അവനോട് അങ്ങനെ പെരുമാറിയതെന്ന് മനസ്സിലാകുന്നില്ലെന്നും അധ്യാപികയിൽ നിറയെ വിദ്വേഷമാണെന്നാണ് തോന്നുന്നതെന്നും ഇവർ പ്രതികരിച്ചു.
തങ്ങൾ സ്‌കൂളിനെതിരേ കേസു കൊടുക്കാനില്ല. ഏതായാലും മകനെ ആ സ്‌കൂളിലേക്ക് അയക്കുന്നില്ല. സ്‌കൂൾ ഫീ തിരിച്ചുതന്നെന്നും കുട്ടിയുടെ പിതാവ് മുഹമ്മദ് ഇർഷാദ് പറഞ്ഞു.
ഈ സംഭവത്തിൽ കോൺഗ്രസ് നേതാക്കളായ രാഹുൽഗാന്ധി, പ്രിയങ്കാഗാന്ധി, ശശി തരൂർ ഉൾപ്പെടെയുള്ളവർ അപലപിച്ചു. കുട്ടികളുടെ മനസ്സിൽ വിവേചനത്തിന്റെ വിഷം വിതയ്ക്കുകയാണെന്ന് രാഹുൽഗാന്ധി പ്രതികരിച്ചു.