ഇന്ത്യ ചന്ദ്രനിലൂടെ നടന്നു! ചന്ദ്രയാൻ ലാൻഡറിൽ നിന്നും റോവർ പുറത്തേക്ക് ഇറങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ

ബംഗളൂരു: വിജയകരമായി ചന്ദ്രനിലിറങ്ങിയ ചന്ദ്രയാൻ മൂന്നിലെ ലാൻഡർ മൊഡ്യൂളിൽനിന്ന് റോവർ പുറത്തിറങ്ങി പര്യവേഷണം ആരംഭിച്ചു. ചന്ദ്രോപരിതലത്തിൽ ഇതിനോടകം യാത്രതുടങ്ങിയ ലാൻഡർ പുറത്തേക്ക് ഇറങ്ങുന്നതിന്റെ വീഡിയോ ഐഎസ്ആർഒ പുറത്തുവിട്ടു. ലാൻഡറിൽനിന്ന് റോവർ ചന്ദ്രോപരിതലത്തിലേക്ക് സ്ലൈഡ് ചെയ്ത് ഇറങ്ങുന്നതിന്റെ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്.

ബുധനാഴ്ച വൈകീട്ട് 6.04-ന് ലാൻഡർ ലാൻഡ് ചെയ്തതിന് ശേഷം നാലുമണിക്കൂറിനുള്ളിൽ റോവറിനെ പുറത്തിറക്കാനുള്ള നടപടി ആരംഭിച്ചിരുന്നു. വ്യാഴാഴ്ച രാവിലെയാണ് റോവർ പുറത്തിറങ്ങിയ കാര്യം ഐഎസ്ആർഒ അറിയിച്ചത്. ‘റോവർ ലാൻഡറിൽനിന്ന് പുറത്തിറങ്ങിയെന്നും ഇന്ത്യ ചന്ദ്രനിലൂടെ നടന്നു’ എന്നും എക്സിൽ ഐഎസ്ആർഒ കുറിച്ചു.

തുടർന്ന് വെള്ളിയാഴ്ചയാണ് റോവർ പുറത്തിറങ്ങുന്നതിന്റെ വീഡിയോ ഐഎസ്ആർഒ പുറത്തിറക്കിയത്. റോവർ ചന്ദ്രോപരിതലത്തിലൂടെ അൽപദൂരം സഞ്ചരിച്ചതായി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഒരു ചാന്ദ്രദിനമാണ് (ഭൂമിയിലെ 14 ദിവസം) റോവറിന്റെ പ്രവർത്തനകാലാവധി. ഈ സമയത്ത് ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിച്ച് രാസവിശകലനങ്ങൾ നടത്തുകയാണ് ലക്ഷ്യം.

ALSO READ- ഫീസ് അടയ്ക്കാന്‍ വൈകി: ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ തറയില്‍ ഇരുത്തി പരീക്ഷ എഴുതിച്ചു; ക്രൂരത തിരുവനന്തപുരം വിദ്യാധിരാജ ഹൈസ്‌കൂളില്‍

റോവറിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾ വിശദമായി വിശകലനംചെയ്തതിന് ശേഷമാണ് ഐഎസ്ആർഒ പുറത്തുവിടൂ. റോവർ വിവരങ്ങൾ കൈമാറുന്നത് ലാൻഡറിലേക്കാണ്. ഈ വിവരങ്ങൾ ബംഗളൂരുവിലെ ബൈലാലുവിലുള്ള കേന്ദ്രത്തിലേക്കും പിന്നീട്, ഇവിടെനിന്ന് അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറി, സ്പെയ്‌സ് ആപ്ലിക്കേഷൻസ് സെന്റർ എന്നിവിടങ്ങളിലെത്തിച്ച് വിശദമായി വിശകലനംചെയ്യുകയുമാണ് പ്രവർത്തന രീതി. ഇതിന് ശേഷമാകും വിവരങ്ങൾ പുറത്തുവിടുക.

Exit mobile version