യൂട്യൂബ് നോക്കി വീട്ടില്‍ പ്രസവം, യുവതിയ്ക്ക് ദാരുണാന്ത്യം; ഭര്‍ത്താവ് കസ്റ്റഡിയില്‍

കൃഷ്ണഗിരി: യൂട്യൂബ് നോക്കി വീട്ടില്‍ പ്രസവം, യുവതിയ്ക്ക് ദാരുണാന്ത്യം. ഭര്‍ത്താവ് അറസ്റ്റില്‍. ചെന്നൈ കൃഷ്ണഗിരി സ്വദേശിയായ ലോകനായകി (27) ആണ് മരിച്ചത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് മദേഷ് (30)നെ പോലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞ് ആശുപത്രിയില്‍ ചികിത്സയില്‍.

പോച്ചംപള്ളിയിലെ ദമ്പതികളുടെ വീട്ടില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. ഇരുവരുടെയും ആദ്യത്തെ കുഞ്ഞായിരുന്നു. എട്ടുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ജനിച്ച കുഞ്ഞായിരുന്നു. പ്രകൃതി ചികിത്സയില്‍ വിശ്വസിച്ചിരുന്ന ദമ്പതികള്‍ പ്രസവം വീട്ടില്‍ തന്നെ മതിയെന്ന് തീരുമാനിക്കുകയായിരുന്നു.

പ്രസവത്തെ കുറിച്ചുള്ള വീഡിയോകള്‍ മദേഷ് സ്ഥിരമായി കാണുമായിരുന്നെന്ന് അടുത്ത സുഹൃത്തുക്കള്‍ പറയുന്നു. ഈ ധൈര്യത്തിലാണ് ഇയാള്‍ പ്രസവമെടുക്കാന്‍ മുതിര്‍ന്നതും. എന്നാല്‍ പ്രസവത്തിന് പിന്നാലെ അമിത രക്തസ്രാവമുണ്ടാകാന്‍ തുടങ്ങിയതോടെ കണക്കു കൂട്ടലുകള്‍ തെറ്റി.

ഉടന്‍ തന്നെ കുഞ്ഞിനെയും ലോകനായകിയെയും ആശുപത്രിയിലെത്തിച്ചെങ്കിലും യുവതിയുടെ ജീവന്‍ രക്ഷിക്കാനായില്ല. പൊക്കിള്‍ക്കൊടി മുറിക്കാതെയാണ് യുവതിയെ ആശുപത്രിയിലെത്തിച്ചതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

വിവാഹം കഴിഞ്ഞ് ഏഴു വര്‍ഷത്തിന് ശേഷമാണ് ഇരുവര്‍ക്കും കുഞ്ഞ് ജനിക്കുന്നത്. പ്രസവകാലത്തൊന്നും ലോകനായകി അലോപതി മരുന്നുകള്‍ കഴിച്ചിരുന്നില്ല. ബിരുദധാരികളാണ് ഇരുവരും. ആശുപത്രിയില്‍ ചികിത്സയിലുള്ള ആണ്‍കുഞ്ഞ് സുഖം പ്രാപിച്ചു വരുന്നതായാണ് വിവരം. സംഭവത്തില്‍ അന്വേഷണമാരംഭിച്ചിട്ടുണ്ടെന്നും കുറ്റങ്ങള്‍ സ്ഥിരീകരിച്ചാല്‍ മദേഷിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും കൃഷ്ണഗിരി ആര്‍ഡിഒ എസ്.ബാബു പറഞ്ഞു

Exit mobile version