അസര്‍ബൈജാന്‍: ചെസ് ലോകകപ്പ് ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരമായ നോര്‍വേ ഇതിഹാസം മാഗ്‌നസ് കാള്‍സണെ സമനിലയില്‍ തളച്ച് ഇന്ത്യന്‍ താരം രമേശ് ബാബു പ്രഗ്‌നാനന്ദ. ഇന്ന് നടന്ന രണ്ടാം റൗണ്ടിലും പ്രഗ്‌നാനന്ദ മാഗ്‌നസ് കാള്‍സനെ സമനിലയില്‍ പിടിച്ചുകെട്ടി. ഇന്നലെ നടന്ന ആദ്യ റൗണ്ടും സമനിലയോടെ അവസാനിച്ചിരുന്നു.
പ്രഗ്‌നാനന്ദ-മാഗ്‌നസ് കാള്‍സണും തമ്മിലുള്ള കലാശപ്പോരാട്ടം 30 നീക്കങ്ങള്‍ക്കൊടുവിലാണ് സമനിലയിലെത്തിയത്. ഫൈനലിലെ ഇരുമത്സരവും സമനിലയായതോടെ ഇനി ലോകചാമ്പ്യനെ തീരുമാനിക്കുക ടൈബ്രേക്കിലൂടെ. വ്യാഴാഴ്ച നടക്കുന്ന ടൈബ്രേക്കര്‍ മത്സരത്തില്‍ ഇരുവരും വീണ്ടും നേര്‍ക്കുനേര്‍ എത്തും.
രണ്ടാം ഗെയിം 30 നീക്കത്തോടെ സമനിലയില്‍ അവസാനിക്കുകയായിരുന്നു. ഇന്നലത്തെ ആദ്യ റൗണ്ട് 35 നീക്കത്തിന് ശേഷം സമനിലയില്‍ അവസാനിച്ചിരുന്നു. രണ്ട് ക്ലാസിക്കല്‍ ഗെയിമുകളും സമനിലയായതോടെ നാളെ നടക്കുന്ന ടൈ-ബ്രേക്കറുകള്‍ ചെസ് ലോകകപ്പ് വിജയിയെ തീരുമാനിക്കും. റാപിഡ് ഫോര്‍മാറ്റിലാണ് രണ്ട് ടൈ-ബ്രേക്കറുകള്‍.
അഞ്ച് തവണ ലോക ചാമ്പ്യനായ മാഗ്‌നസ് കാള്‍സണ്‍ നിലവിലെ ലോക ഒന്നാം നമ്പര്‍ താരമാണ്. അതേസമയം ടൂര്‍ണമെന്റില്‍ വിസ്മയ കുതിപ്പോടെയാണ് 18 വയസ് മാത്രമുള്ള ആര്‍ പ്രഗ്‌നാനന്ദ ഫൈനലില്‍ പ്രവേശിച്ചത്. ലോക രണ്ടാം നമ്പര്‍ താരം ഹികാരു നകമുറ, മൂന്നാം നമ്പര്‍ താരം ഫാബിയാനോ കരുവാനോ എന്നിവരെ ഇതിനകം പ്രഗ്‌നാനന്ദ തോല്‍പിച്ചു. നാളെയാണ് ടൈ-ബ്രേക്കര്‍ മത്സരങ്ങള്‍ നടക്കുക. ഇന്ത്യന്‍ സമയം വൈകിട്ട് 4.30ന് പോരാട്ടം തുടങ്ങും.
ചെസ് ലോകകപ്പില്‍ 2005ല്‍ നോക്കൗട്ട് ഫോര്‍മാറ്റ് തുടങ്ങിയ ശേഷം ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ആര്‍ പ്രഗ്‌നാനന്ദ. 2000, 2002 വര്‍ഷങ്ങളില്‍ 24 താരങ്ങളുള്ള റൗണ്ട്-റോബിന്‍ ഫോര്‍മാറ്റിലുള്ള ടൂര്‍ണമെന്റിലായിരുന്നു ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ് കിരീടം ചൂടിയത്.
ഈ ലോകകപ്പിനിടെയാണ് പ്രഗ്‌നാനന്ദ 18 വയസ് പൂര്‍ത്തിയാക്കിയത്. ലോക ചാമ്പ്യനായ മാഗ്‌നസ് കാള്‍സനെ മുമ്പ് പരാജയപ്പെടുത്തിയിട്ടുള്ള താരമാണ് ആര്‍ പ്രഗ്‌നാനന്ദ. അതിനാല്‍ തന്നെ വ്യാഴാഴ്ച നടക്കുന്ന ടൈ-ബ്രേക്കറുകളും ആകാംക്ഷ നിറയ്ക്കുകയാണ്.