ഉത്തർപ്രദേശ് സന്ദർശനത്തിനിടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാലിൽ തൊട്ട് വന്ദിക്കുന്ന സൂപ്പർസ്റ്റാർ രജനികാന്തിന്റെ ചിത്രം വലിയ വിവാദമായിരുന്നു. രാഷ്ട്രീയപ്രവർത്തകരും സിനിമാതാരങ്ങളും ഉൾപ്പടെ രജനിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.
ഉത്തർപ്രദേശിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അറിയാത്തത് കൊണ്ടാണോ രജനി യോഗിയെ വണങ്ങിയതെന്നാണ് ചിലർ ചോദ്യം ചെയ്തത്. ചിലരാകട്ടെ, യോഗിയെക്കാൾ പ്രായംകൊണ്ട് മുതിർന്ന രജനി കാലിൽ വീഴേണ്ടിയിരുന്നില്ല എന്നും അഭിപ്രായപ്പെട്ടിരുന്നു.
നടൻ ഹരീഷ് പേരടി ഉൾപ്പടെ രജനിയെ അനുകൂലിച്ചും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സംഭവം വലിയ ചർച്ചയായതോടെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് രജനികാന്ത്.
പ്രായമല്ല തന്റെ മാനദണ്ഡമെന്നും സന്യാസിമാരെ കണ്ടാൽ താൻ വണങ്ങുമെന്നും രജനികാന്ത് പറയുന്നു. യോഗിയോ സന്യാസിയോ ആരുമാകട്ടെ. തന്നെക്കാൾ പ്രായം
കുറഞ്ഞവരാണെങ്കിൽ പോലും അവരുടെ കാലിൽ തൊടുന്ന സ്വഭാവം തനിക്കുണ്ട്, എന്നാണ് മാധ്യമപ്രവർത്തകരോട് രജനികാന്ത് പ്രതികരിച്ചത്.
നേരത്തെ, യോഗി ആദിത്യനാഥിനെ സന്ദർശിക്കുമെന്നും യോഗിക്കൊപ്പം ജയിലർ കാണുമെന്നും രജിനികാന്ത് വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ വിമർശനം ഉയരുന്നതിനിടെയായിരുന്നു രജനിയുടെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങുന്ന ചിത്രം പുറത്തുവന്നത്.
അതേസമയം ജയിലർ സ്‌ക്രീനിങിന് യോഗി എത്തിയിരുന്നില്ല, പകരം ഡെപ്യൂട്ടിയായ കേശവദാസ് മൗര്യയാണ് പങ്കെടുത്തത്. തിയേറ്ററുകളിൽ ജയിലർ വിജയകരമായി പ്രദർശിപ്പിക്കുമ്പോൾ ആഘോഷങ്ങൾക്ക് ഒന്നും സമയം ചെലവിടാതെ ആത്മീയയാത്രയിലാണ് രജനികാന്ത്. കഴിഞ്ഞദിവസം ഝാർഖണ്ഡിലെ ഛിന്നമസ്താ ക്ഷേത്രത്തിൽ രജനി സന്ദർശനം നടത്തിയിരുന്നു.
Discussion about this post