ബംഗളൂരു: എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ ഓട്‌സ് കഴിച്ച യുവാവിന് അസുഖം ബാധിച്ചതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ യുവാവ് ഓട്‌സ് വാങ്ങിയ സൂപ്പര്‍ മാര്‍ക്കറ്റ് 10,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടു. ബംഗളൂരുവിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നാണ് യുവാവ് ഓട്‌സ് വാങ്ങിയത്. ഇത് കഴിച്ചതിന് പിന്നാലെ വയ്യാതെയാവുകയായിരുന്നു.
തുടര്‍ന്ന്, യുവാവ് ഓട്‌സിന്റെ എക്‌സ്പയറി ഡേറ്റ് പരിശോധിച്ചപ്പോഴാണ് അത് കഴിഞ്ഞു പോയതായി മനസ്സിലാക്കുന്നത്. പിന്നാലെ യുവാവ് സൂപ്പര്‍മാര്‍ക്കറ്റിനെതിരെ കേസ് കൊടുക്കുകയായിരുന്നു.
ജയാനഗറിലുള്ള സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നാണ് യുവാവ് 925 രൂപയുടെ ഹണി ഓട്‌സ് വാങ്ങിയത്. എന്നാല്‍ എക്‌സ്പയറി ഡേറ്റ് കഴിഞ്ഞത് സൂപ്പര്‍ മാര്‍ക്കറ്റ് മറച്ചു വച്ചിരുന്നു. ശേഷം അതിന് മുകളില്‍ മറ്റൊരു തീയതിയും പതിച്ചിരുന്നു. അതോടെ സൂപ്പര്‍ മാര്‍ക്കറ്റ് പറ്റിക്കുകയായിരുന്നു എന്ന് യുവാവിന് മനസിലായി.
പിന്നാലെ, ഇയാള്‍ വിശദീകരണം തേടി സൂപ്പര്‍ മാര്‍ക്കറ്റിനെ സമീപിച്ചു എങ്കിലും തീരെ ഉത്തരവാദിത്തമില്ലാതെയാണ് ജീവനക്കാര്‍ പെരുമാറിയത്. തൃപ്തികരമായ ഒരുത്തരവും അവര്‍ നല്‍കിയില്ല. ശേഷം ഇയാള്‍ സൂപ്പര്‍ മാര്‍ക്കറ്റിനെതിരെ വക്കീല്‍ നോട്ടീസയച്ചു. ബംഗളൂരു അഡീഷണല്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനിലേക്കാണ് കേസ് പോയത്.
യഥാര്‍ത്ഥ തീയതി മറച്ചുവച്ച് മറ്റൊരു തീയതി പതിച്ചതിനെ കുറിച്ച് വിശദമായി തന്നെ അഭിഭാഷകന്‍ വിശദീകരിച്ചു. തുടര്‍ന്ന് ഉപഭോക്താവിന് അനുകൂലമായി വിധി വരികയായിരുന്നു.
അതേസമയം, 925 രൂപ അതുപോലെ തിരികെ നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ഒപ്പം ഈ ഓട്‌സ് കഴിച്ചശേഷം അയാള്‍ക്ക് ചികിത്സയ്ക്ക് വേണ്ടി ചിലവായ തുക എന്ന നിലയില്‍ 5000 രൂപ നല്‍കാനും നിയമപരമായ ചിലവുകള്‍ വഹിക്കാന്‍ വേണ്ടി വന്ന 5000 രൂപ നല്‍കാനും സൂപ്പര്‍ മാര്‍ക്കറ്റിനോട് കോടതി ആവശ്യപ്പെടുകയും ചെയ്തു.