ലഖ്‌നൗ: ഉത്തർപ്രദേശിലെ കുറ്റകൃത്യങ്ങൾ തടയാൻ ഇടപെടൽ നടത്തുന്നതിനായി പോലീസുകാർ പഞ്ചാംഗം നോക്കണമെന്ന് പോലീസ് മേധാവിയുടെ നിർദേശം. കുറ്റകൃത്യങ്ങളുടെ എണ്ണം കുറയ്ക്കാൻ പഞ്ചാംഗം ഉപയോഗിക്കാമെന്നാണ് ഡിജിപിയുടെ നിർദേശം.
കുറ്റകൃത്യങ്ങൾ നടക്കാൻ സാധ്യതയുള്ള സമയം പഞ്ചാംഗം നോക്കി മനസ്സിലാക്കണമെന്നും അത് അനുസരിച്ച് വേണം മുൻകരുതലെടുക്കാനെന്നും പോലീസിനോട് മേധാവി നിർദേശിച്ചെന്ന് ദേശീയ മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ പറയുന്നു.
അമാവാസിയ്ക്ക് ഒരാഴ്ച മുമ്പും ഒരാഴ്ചയ്ക്ക് ശേഷവുമുള്ള രാത്രിയിൽ നിരവധി കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുവെന്നാണ് ഡിജിപിയുടെ നിരീക്ഷണം. എല്ലാ മാസവും പഞ്ചാഗം നോക്കി ഇവ തടയാനുള്ള മുൻകരുതൽ സ്വീകരിക്കണമെന്നും ഡിജിപിയുടെ സർക്കുലരിൽ പറയുന്നുണ്ട്. ഈ ദിവസങ്ങളിൽ രാത്രി പട്രോളിങ് കൂടുതൽ കാര്യക്ഷമമാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
പോലീസ് കൂടുതൽ കുറ്റകൃത്യങ്ങൾ നടക്കുന്ന സ്ഥലങ്ങൾ നിരീക്ഷിക്കണമെന്നും കൃത്യമായ മുൻകരുതലെടുത്ത് നിയന്ത്രിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.