ലഖ്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാൽതൊട്ടുവണങ്ങുന്ന ചിത്രങ്ങൾ വലിയ രോഷം ഉയർത്തുന്നതിനിടയിൽ എസ്പി ദേശീയ അധ്യക്ഷൻ അഖിലേഷ് യാദവിനെ സന്ദർശിച്ച് നടൻ രജനികാന്ത്. ഉത്തർപ്രദേശിലെ സന്ദർശനം തുടരുന്നതിനിടെയാണ് രജനി അഖിലേഷിനെ വസതിയിലെത്തി സന്ദർശിച്ചത്.
അഖിലേഷ് യാദവ് തന്നെയാണ് ഈ ചിത്രങ്ങൾ ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ഒമ്പത് വർഷങ്ങൾക്കുശേഷമാണ് രജനികാന്തും അഖിലേഷ് യാദവും കണ്ടുമുട്ടുന്നത്. അഖിലേഷിന്റെ ലഖ്‌നൗവിലെ വസതിയിൽവെച്ചായിരുന്നു കൂടിക്കാഴ്ച. അഖിലേഷ് യാദവ് പങ്കുവെച്ച ചിത്രങ്ങളിലൊന്ന് ഇരുവരും ആലിംഗനം ചെയ്യുന്നതാണ്.
ഹൃദയങ്ങൾ കണ്ടുമുട്ടുമ്പോൾ മനുഷ്യർ ആലിംഗനം ചെയ്യുന്നു എന്നാണ് ചിത്രങ്ങൾക്ക് ക്യാപ്ഷനായി അഖിലേഷ് കുറിച്ചത്. തന്റെ മൈസൂരിലെ എഞ്ചിനീയറിങ് പഠനകാലത്ത് രജനികാന്ത് ജിയെ സ്‌ക്രീനിൽ കണ്ടപ്പോൾ അനുഭവിച്ച സന്തോഷം ഇപ്പോഴും മായുന്നില്ല. ഒമ്പത് വർഷം മുമ്പ് നേരിട്ട് കണ്ടുമുട്ടിയതുമുതൽ തങ്ങൾ സുഹൃത്തുക്കളാണെന്നും അഖിലേഷ് ട്വീറ്റ് ചെയ്തു.
जब दिल मिलते हैं तो लोग गले मिलते हैं।
मैसूर में इंजीनियरिंग की पढ़ाई के दौरान पर्दे पर रजनीकांत जी को देखकर जितनी ख़ुशी होती थी वो आज भी बरकरार है। हम 9 साल पहले व्यक्तिगत रूप से मिले और तब से दोस्ती है… pic.twitter.com/e9KZrc5mNH
— Akhilesh Yadav (@yadavakhilesh) August 20, 2023
അതേസമയം, രജനികാന്തിന്റെ പുതിയ ചിത്രം ജയിലർ രാജ്യത്താകമാനം വലിയ ഓളമാണ് ഉണ്ടാക്കുന്നത്. ചിത്രത്തിന്റെ വിജയാഘോഷങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞാണ് രജനിയുടെ ഇന്ത്യാ പര്യടനം.