ലഖ്നൗ: പ്രണയ വിവാഹത്തിന്റെ പേരിൽ യുവാവിന്റെ മാതാപിതാക്കളെ അയൽക്കാർ ചേർന്ന് മർദ്ദിച്ചു കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ സീതാപുരിലാണ് ദമ്പതിമാരെ അയൽക്കാർ അടിച്ചുകൊന്നത്. ജേയ്പുർ സ്വദേശികളായ അബ്ബാസ്(55) ഭാര്യ കമറുന്നിസ(53) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.
കൊല്ലപ്പെട്ട ദമ്പതികളുടെ മകൻ ഷൗക്കത്ത് അയൽക്കാരിയായ ഇതരമതസ്ഥയുമായി പ്രണയത്തിലായിരുന്നു. ഇവർ ഒളിച്ചോടി വിവാഹിതരായതിന് പിന്നാലെയാണ് വെള്ളിയാഴ്ച രാത്രി ആയുധങ്ങളുമായി എത്തിയ അയൽക്കാരും പെൺകുട്ടിയുടെ ബന്ധുക്കളും ചേർന്ന് അബ്ബനിസേയും കമറുന്നിസയേയും ആക്രമിച്ചത്.
ഇരുമ്പ് ദണ്ഡുകളും വടിയുമായാണ് വീട് കയറി ആക്രമിച്ചതെന്നും, മാരകമായി പരിക്കേറ്റ അബ്ബാസും ഭാര്യ കമറുന്നിസയും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചെന്നുമാണ് പോലീസ് നൽകുന്ന വിവരം. അതേസമയം, ദമ്പതിമാർ മരിച്ചെന്ന് മനസിലായതോടെ പ്രതികളെല്ലാം ഓടിരക്ഷപ്പെടുകയായിരുന്നു.
അബ്ബാസ്-കമറുന്നിസ ദമ്പതിമാരുടെ മകൻ ഷൗക്കത്തും അയൽക്കാരനായ രാംപാലിന്റെ മകൾ റൂബിയുമായാണ് പ്രണയിച്ച് ഒളിച്ചോടിയത്. ഇരുവരും ഏറെനാളായി പ്രണയത്തിലായിരുന്നു. മുൻപ് 2020-ൽ ഷൗക്കത്തും റൂബിയും ഒളിച്ചോടിയിരുന്നു.
അന്ന് പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ വീട്ടുകാരുടെ പരാതിയിൽ പോലീസ് കേസെടുത്ത് ഷൗക്കത്തിനെ അറസ്റ്റ് ചെയ്തിരുന്നു. ജയിലിലായ യുവാവ് ഈ ജൂണിൽ ജയിലിൽനിന്ന് പുറത്തിറങ്ങിയിരുന്നു. പിന്നാലെയാണ് ഷൗക്കത്ത് വീണ്ടും റൂബിയുമായി ഒളിച്ചോടുകയും വിവാഹിതരാവുകയും ചെയ്തത്.
ALSO READ- പോക്‌സോ കേസിൽ ഇരയായ പെൺകുട്ടി റെസ്‌ക്യൂ ഹോമിൽ ജീവനൊടുക്കി; സംഭവം കോതമംഗലത്ത്
പോലീസിൽ പെൺകുട്ടിയുടെ വീട്ടുകാർ പരാതി നൽകിയെങ്കിലും ഷൗക്കത്തിന് അനുകൂലമായി പെൺകുട്ടി മൊഴി നൽകിയതോടെ പോലീസ് മൊഴി സ്വീകരിച്ച് യുവാവിനൊപ്പം വിട്ടയക്കുകയായിരുന്നു. തൊട്ടുപിന്നാലെ, നേരത്തെ രജിസ്റ്റർ ചെയ്ത കേസിൽ ഷൗക്കത്തിനെ വീണ്ടും പോലീസ് കസ്റ്റഡിയിലെടുക്കുകയും ജയിലിലടയ്ക്കുകയും ചെയ്തെന്നും റിപ്പോർട്ടുകളുണ്ട്.
ദിവസങ്ങൾക്ക് മുമ്പ് ജയിലിൽനിന്ന് പുറത്തിറങ്ങിയ യുവാവ് വീണ്ടും പെൺകുട്ടിയെയും കൊണ്ട് സ്ഥലം വിട്ടു. ഇതേടെ പ്രകോപിതരായവരാണ് ആക്രമണം അഴിച്ചുവിട്ടതെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, പെൺകുട്ടിയുടെ പിതാവായ രാംപാലിന്റെ നേതൃത്വത്തിൽ ആസൂത്രിതമായ ആക്രമണമാണ് ദമ്പതിമാർക്ക് നേരേ നടന്നതെന്നാണ് പോലീസ് റിപ്പോർട്ട്.