ആന്ധ്രപ്രദേശ്: പ്രസവ ശസ്ത്രക്രിയയ്ക്ക് പിന്നാലെ കടുത്ത വയറ് വേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവതിയുടെ വയറ്റിനുള്ളില്‍ കത്രിയ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ ഏലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. സിസേറിയന് ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറിനുള്ളില്‍ നിന്നും മാറ്റാതെ ഡോക്ടര്‍ വയറ് തുന്നി കെട്ടുകയായിരുന്നു.
കടുത്ത വയറുവേദനയെ തുടര്‍ന്ന് യുവതിയെ മറ്റൊരു ആശുപത്രിയില്‍ എത്തിച്ച് അള്‍ട്രാസോണോഗ്രാഫി പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് യുവതി വിവരം അറിയുന്നത്. കഴിഞ്ഞ ഏപ്രില്‍ 19 -നാണ് പെടപ്പാട് മണ്ഡലത്തിലെ എസ് കോതപ്പള്ളി ഗ്രാമത്തില്‍ നിന്നുള്ള ജി സ്വപ്ന എന്ന യുവതിയെ പ്രസവത്തിനായി ഏലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സിസേറിയനിലൂടെയായിരുന്നു കുഞ്ഞിനെ പുറത്തെടുത്തത്. തുടര്‍ന്ന് അമ്മയും കുഞ്ഞും ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയി.
എന്നാല്‍, വീട്ടിലെത്തി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ യുവതിക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടു. തുടര്‍ന്ന് ഡോക്ടറെ സമീപിച്ച് നിരവധി മരുന്നുകള്‍ കഴിച്ചെങ്കിലും വേദന കുറഞ്ഞിരുന്നില്ല. തുടര്‍ന്ന് ബന്ധുക്കള്‍ യുവതിയെ വിദഗ്ധ പരിശോധനയ്ക്കായി മറ്റൊരു ആശുപത്രിയില്‍ എത്തിക്കുകയും അള്‍ട്രാസോണോഗ്രാഫി പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു.
ഈ പരിശോധനയിലാണ് യുവതിയുടെ വയറിനുള്ളില്‍ കത്രിക കണ്ടെത്തിയത്. തുടര്‍ന്ന് വിജയവാഡ സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടര്‍ പ്രഭാകരന്റെ നേതൃത്വത്തില്‍ നടത്തിയ ശാസ്ത്രക്രിയയിലൂടെ രണ്ടിഞ്ച് വലുപ്പമുണ്ടായിരുന്ന കത്രിക നീക്കം ചെയ്തു.
കത്രിക കുടലില്‍ പറ്റി പിടിച്ചിരുന്നതിനെ തുടര്‍ന്നുണ്ടായ അണുബാധയാണ് കടുത്ത വയറുവേദനയ്ക്ക് കാരണമായത്. രോഗബാധിതമായി കുടല് നീക്കം ചെയ്തുവെന്നും യുവതി ഇപ്പോള്‍ സുഖം പ്രാപിച്ചു വരികയാണെന്നും ഡോക്ടര്‍ പ്രഭാകര്‍ പറഞ്ഞു.
Discussion about this post