ലഖ്‌നൗ: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി മുൻപ് വിജയിച്ചിരുന്ന മണ്ഡലമായ അമേഠിയിൽ തന്നെ മത്സരിക്കുമെന്ന് ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് അജയ് റായ്. പ്രസിഡന്റായി നിയമിതനായതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നിലവിൽ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയാണ് അമേഠിയിലെ എംപി. സ്മൃതി തന്നെ വരും തിരഞ്ഞെടുപ്പിലും അമേഠിയിൽ മത്സരിച്ചാൽ കടുത്ത പോരാട്ടം തന്നെ നടക്കുമെന്ന് ഉറപ്പാണ്. കോൺഗ്രസ് കോട്ടയായിരുന്ന അമേഠിയിൽ 55,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സ്മൃതി ഇറാനി വിജയിച്ചതെന്നത് ശ്രദ്ധേയമാണ്. അമേഠിക്ക് പുറമെ വയനാട്ടിലും മത്സരിച്ച രാഹുൽ വയനാട്ടിൽ വിജയിച്ചതോടെയാണ് എംപിയായത്.
അതേസമയം, പ്രിയങ്ക ഗാന്ധി വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ മത്സരിക്കാൻ തീരുമാനിച്ചാൽ അവരുടെ വിജയം ഉറപ്പാക്കാൻ കോൺഗ്രസ് ഒന്നിച്ചു പ്രവർത്തിക്കുമെന്നും അജയ് റായ് പ്രതികരിച്ചു.
നേരത്തെ, 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി മോഡിക്കെതിരെ പ്രിയങ്ക ഗാന്ധി വാരണാസിയിൽ മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ കോൺഗ്രസ് അജയ് റായിയെയാണ് സ്ഥാനാർത്ഥിയാക്കിയത്. മുൻപ് 2014ലും അജയ് റായ് വാരണാസിയിൽ നിന്ന് മത്സരിച്ച് പരാജയപ്പെട്ടിരുന്നു.
Discussion about this post